കാഠ്മണ്ഡു: ഇന്ത്യാ- ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നേപ്പാളില്‍ ജീവിക്കുന്ന ടിബറ്റന്‍ സമൂഹത്തെ നിരീക്ഷിക്കാന്‍ ചൈന. ഇതിനായി നേപ്പാളിന് മേല്‍ ചൈന സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യാ- ചൈന ശത്രുത വര്‍ധിച്ച് ഏറ്റുമുട്ടലിലേക്ക് നീങ്ങുന്ന സാഹചര്യമുണ്ടായാല്‍ ടിബറ്റന്‍ അഭയാര്‍ഥികള്‍ ഒരു സുരക്ഷാ പ്രശ്‌നമായി മാറാന്‍ സാധ്യതയുണ്ടെന്നാണ് നേപ്പാള്‍ സൈന്യത്തിന്റെ വിലയിരുത്തല്‍.
ലഡാക്കിലെ ചുഷൂല്‍ സെക്ടറില്‍ ചൈനയുടെ കണ്ണുവെട്ടിച്ച് ചില പ്രദേശങ്ങള്‍ ഇന്ത്യ കൈവശപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ടിബറ്റന്‍ അഭയാര്‍ഥികള്‍ അംഗങ്ങളായ സ്‌പെഷ്യല്‍ ഫ്രോണ്ടിയര്‍ ഫോഴ്‌സാണ് ചൈനീസ് നീക്കം മുളയിലെ നുള്ളി പ്രദേശം ഇന്ത്യയുടെ അധീനതയിലാക്കിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ചൈന നേപ്പാളിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നത്.
നേപ്പാളിലുള്ള ടിബറ്റന്‍ അഭയാര്‍ഥികളുടെ മേലുള്ള നിയന്ത്രണം ശക്തമാക്കാനാണ് ചൈന ആഗ്രഹിക്കുന്നത്. ഏകദേശം 20,000 ടിബറ്റന്‍ അഭയാര്‍ഥികളാണ് നേപ്പാളില്‍ താമസിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് നേപ്പാള്‍ ഇതുവരെ സ്ഥിര താമസത്തിനുള്ള അനുവാദം നല്‍കിയിട്ടില്ല. മുമ്പ് ഇവരെ പാര്‍പ്പിച്ചിരുന്ന കേന്ദ്രം ഇപ്പോള്‍ അവരുടെ താമസ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്.
നേപ്പാളില്‍ ഭൂമി വാങ്ങുന്നതിനോ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനോ ഇവര്‍ക്ക് അനുവാദവുമില്ല. ഇവര്‍ക്കിടയില്‍ നേപ്പാള്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ചൈന ചാരപ്പണിയും നടത്തുന്നുണ്ട്. ചൈനീസ് സമ്മര്‍ദ്ദത്താല്‍ ഇവരുടെ ആഘോഷ ദിനങ്ങളില്‍ വലിയ പോലീസ് വിന്യാസവും നേപ്പാള്‍ നടത്തും.
2010ല്‍ വിക്കിലീക്‌സ് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ചൈനീസ് അധീനതയില്‍ നിന്ന് രക്ഷപ്പെട്ട് നേപ്പാളിലേക്ക് കടക്കുന്ന ടിബറ്റുകാരെ പിടികൂടി തിരികെ ചൈനീസ് ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുന്നതിന് നേപ്പാള്‍ സൈന്യത്തിന് ചൈന സാമ്പത്തിക സഹായം നല്‍കിയ വിവരം പുറത്തുവന്നിരുന്നു.
Courtesy: IANS
Content Highlights: China wants close monitoring of Tibetan refugees in Nepal amid India-China standoff