ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ നിന്ന് കാണാതായ അഞ്ചുയുവാക്കളെ സെപ്റ്റംബര്‍ 12-ന് ചൈന ഇന്ത്യക്ക് കൈമാറും. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്. 

'അരുണാചല്‍ പ്രദേശില്‍ നിന്നുളള യുവാക്കളെ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഇന്ത്യക്ക് കൈമാറുമെന്ന് അറിയിച്ചു. സെപ്റ്റംബര്‍ 12ന് നിര്‍ദേശിക്കപ്പെട്ട സ്ഥലത്തുവെച്ച് യുവാക്കളെ കൈമാറും.' 
കിരണ്‍ റിജിജു ട്വീറ്റില്‍ അറിയിച്ചു. 

സെപ്റ്റംബര്‍ രണ്ടുമുതലാണ് ടാഗിന്‍ ഗോത്രത്തില്‍ പെട്ട അഞ്ചുയുവാക്കളെ അരുണാചലില്‍ നിന്ന് കാണാതായത്. ഇവരെ കാണാതായതിനെ തുടര്‍ന്ന് ചൈനീസ് പട്ടാളം ഇവരെ തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് യുവാക്കളില്‍ ഒരാളുടെ സഹോദരന്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് ഇട്ടിരുന്നു.

ഇതേ തുടര്‍ന്ന് യുവാക്കളെ കാണാതായ വിവരം സംബന്ധിച്ച് ഇന്ത്യന്‍ സൈനികര്‍ ചൈനീസ് സൈന്യത്തിന് സന്ദേശമയച്ചു. ഇവരെ പിന്നീട് കണ്ടെത്തിയതായി ചൈനയും അറിയിച്ചു. 

വേട്ടയ്ക്കായി ഇറങ്ങിയ ഏഴംഗസംഘത്തില്‍ അഞ്ചുപേര്‍ അബദ്ധത്തില്‍ അതിര്‍ത്തി കടക്കുകയായിരുന്നു. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ യുവാക്കളെ കാണാതായതും തുടര്‍ന്ന് ഇവരെ തട്ടിക്കൊണ്ടുപോയതാണെന്ന് വന്ന ആരോപണവും ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. 

Content Highlights: China to handover 5 missing Arunachal youths tomorrow