പ്രതീകാത്മ ചിത്രം | Photo - PTI
ന്യൂഡൽഹി: അതിർത്തിയിൽ പ്രകോപനം തുടർന്ന് ചൈന. ഇന്ത്യൻ അതിർത്തിയോട് ചേർന്ന് പടിഞ്ഞാറൻ അരുണാചൽ പ്രദേശിന് സമീപം ചൈന മൂന്നോളം ഗ്രാമങ്ങൾ നിർമിച്ചതായി റിപ്പോർട്ട്. ഇവിടങ്ങളിലേക്ക് താമസക്കാരെ എത്തിച്ചതായും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യ, ചൈന, ഭൂട്ടാൻ അതിർത്തിയോട് ചേർന്ന ബും ലാ പാസിൽനിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ മാത്രം അകലെയാണ് പുതുതായി പണിത ഗ്രാമങ്ങൾ. ഇന്ത്യയുമായി അതിർത്തി തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഈ മേഖലയിൽ കൂടുതൽ മേധാവിത്വം നേടുന്നതിനാണ് ചൈനയുടെ പുതിയ നിർമിതിയെന്നാണ് വിലയിരുത്തൽ.
2020 ഫെബ്രുവരി-നവംബർ മാസത്തിനുള്ളിലാണ് മൂന്ന് ഗ്രാമങ്ങളും ചൈന നിർമിച്ചതെന്നാണ് സൂചന. ഇതോടെ കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന സംഘർഷ വേളയിലും ചൈന ഈ ഗ്രാമങ്ങളുടെ നിർമാണം മുന്നോട്ട് കൊണ്ടുപോയിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്.
ആദ്യ ഗ്രാമത്തിൽ 20ലധികം കെട്ടിട്ടങ്ങളുണ്ട്. രണ്ടാമത്തെതിൽ 50ഓളം കെട്ടിടങ്ങളും മൂന്നാമത്തെ ഗ്രാമത്തിൽ പത്ത് കെട്ടിടങ്ങളും ചൈന പണിതിട്ടുണ്ടെന്നാണ് ഈ മേഖലയുടെ ഉപഗ്രഹ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. ഈ പ്രദേശങ്ങളിൽ ടാർ ചെയ്ത റോഡുകളുടെ നിർമിച്ചിട്ടുണ്ട്.
അതിർത്തിയിലെ അവകാശവാദങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കടന്നുകയറ്റങ്ങൾ വർധിപ്പിക്കുന്നതിനും കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ചൈനീസ് ടിബറ്റൻ അംഗങ്ങളെ ഇന്ത്യൻ അതിർത്തിയിൽ വിന്യസിക്കുന്നതിനുള്ള തന്ത്രമാണ് ചൈനയുടെതെന്ന് ചൈനീസ് നിരീക്ഷകനായ ഡോ. ബ്രഹ്മ ചെല്ലാനി പറഞ്ഞു. ദക്ഷിണ ചൈനാ കടലിൽ മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ച് കടന്നുകയറിയത് പോലെ ഇന്ത്യൻ സംഘം പട്രോളിങ് നടത്തുന്ന ഹിമാലയൻ പ്രദേശങ്ങളിൽ നുഴഞ്ഞുകയറാൻ സമാന മാർഗങ്ങൾ ചൈന ഉപയോഗിച്ചേക്കാമെന്നും ചെല്ലാനി വ്യക്തമാക്കി.
ഭൂട്ടാന്റെ പ്രദേശം കയ്യേറി ചൈന പുതിയ ഗ്രാമം നിർമിച്ച ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇന്ത്യൻ അതിർത്തിയോട് ചേർന്നുള്ള ഗ്രാമ നിർമിതിയുടെ ചിത്രങ്ങളും പുറത്തുവന്നത്. 2017ൽ ഇന്ത്യ-ചൈന സംഘർഷമുണ്ടായ ദോക്ലായ്ക്ക് ഒമ്പത് കിലോമീറ്റർ മാത്രം അകലെയായിരുന്നു ഭൂട്ടൻ പ്രദേശം കയ്യേറിയുള്ള ചൈനയുടെ ഗ്രാമം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..