ന്യൂഡല്‍ഹി: ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ശ്രിങ്ഗ്ല കാഠ്മണ്ഡു സന്ദര്‍ശിച്ചതിനു പിന്നാലെ പ്രതിരോധ മന്ത്രിയെ നേപ്പാളിലേയ്ക്കയച്ച് ചൈന. നേപ്പാള്‍ വിദേശകാര്യ മന്ത്രാലയമാണ് ചൈനീസ് പ്രതിരോധ മന്ത്രി വേയ് ഫിങ്‌ഹെയുടെ സന്ദര്‍ശനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

നേപ്പാളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിയുടെ കാഠ്മണ്ഡു സന്ദര്‍ശനം. ഇതിനു തൊട്ടുപിന്നാലെയാണ് ചൈനീസ് പ്രതിരോധ മന്ത്രി ഒരു ദിവസത്തെ സന്ദര്‍ശനത്തിന് നേപ്പാളിലെത്തുമെന്ന പ്രഖ്യാപനം ഉണ്ടായത്. നവംബര്‍ 29ന് ആണ് വേയ് ഫിങ്‌ഹെ നേപ്പാളിലെത്തുക.

പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരി, പ്രധാനമന്ത്രി ശര്‍മ ഒലി, സൈനിക മേധാവി ജനറല്‍ പൂര്‍ണ ചന്ദ്ര ഥാപ്പ എന്നിവരുമായി വേയ് ഫിങ്‌ഹെ കൂടിക്കാഴ്ച നടത്തും. പ്രതിരോധ മന്ത്രിയുടെ നേപ്പാള്‍ സന്ദര്‍ശനം സംബന്ധിച്ച ചൈന ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.

ഇന്ത്യന്‍ കരസേനാ മേധാവി മേധാവി ജനറല്‍ എം.എം. നരവണെ, റോ മേധാവി സാമന്ത് ഗോയല്‍ എന്നിവരുടെ സന്ദര്‍ശനത്തിനു പിന്നാലെയാണ് വിദേശകാര്യ സെക്രട്ടറി നേപ്പാള്‍ സന്ദര്‍ശിച്ചത്. ആശയവിനിമയം, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയവയടക്കം ഇന്ത്യയും നേപ്പാളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായിരുന്നു സന്ദര്‍ശനത്തില്‍ ഊന്നല്‍.

Content Highlights: China sending defence minister to Nepal days after Indian foreign secretary’s visit