ബെയ്ജിങ്: ചൈന -  പാകിസ്താന്‍ സാമ്പത്തിക ഇടനാഴിക്ക് കശ്മീര്‍ വിഷയവുമായി ബന്ധമില്ലെന്ന് ചൈന.

ബെയ്ജിങ്ങില്‍ നടന്ന 'വണ്‍ ബെല്‍റ്റ് വണ്‍ റോഡ്' ഉച്ചകോടിക്കിടെ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയാണ് ഇക്കാര്യം പറഞ്ഞത്. 4600 കോടി അമേരിക്കന്‍ ഡോളര്‍ ചിലവഴിച്ച് ചൈന - പാകിസ്താന്‍ സാമ്പത്തിക ഇടനാഴി നിര്‍മ്മിക്കുന്നത് സാമ്പത്തിക സഹകരണവും വികസനവും ഉറപ്പുവരുത്താനാണ്. രാഷ്ട്രീയ വിഷയങ്ങളുമായോ അതിര്‍ത്തി തര്‍ക്കങ്ങളുമായോ ഇതിന് ബന്ധമില്ല. ഇന്ത്യയില്‍നിന്ന് ഉയരുന്ന ആശങ്ക കണക്കിലെടുത്താണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് വാങ് യീ പറഞ്ഞു.

സാമ്പത്തിക മേഖലയില്‍ ചൈന ദീര്‍ഘകാലമായി പാകിസ്താനുമായി സഹകരിക്കുന്നുണ്ട്. എന്നാല്‍ കശ്മീര്‍ വിഷയത്തില്‍ ചൈനയുടെ മുന്‍ നിലപാടില്‍ മാറ്റം വരുത്തില്ല. പാക് അധിനിവേശ കശ്മീരിലൂടെ ചൈന -  പാക് സാമ്പത്തിക ഇടനാഴി കടന്നുപോകുന്നതാണ് ഇന്ത്യയുടെ ആശങ്കയ്ക്ക് പിന്നിലെന്നും ചൈനീസ് വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി.