ന്യൂഡല്‍ഹി: ജി-20 ഉച്ചക്കോടിക്കായി പ്രധാനമന്ത്രി ചൈന സന്ദര്‍ശിക്കാനിരിക്കെ അതിര്‍ത്തിയില്‍ ചൈന യുദ്ധവിമാനമിറക്കി. അരുണാചല്‍ പ്രദേശിനോട് ചേര്‍ന്ന് കിടക്കുന്ന ടിബറ്റിലെ ദാവോ ചെങ് യാഡിംഗ് വിമാനത്താളത്തിലാണ് ചൈനയുടെ യുദ്ധവിമാനം പ്രത്യക്ഷപ്പെട്ടത്.

 www.abovetopsecret.com, www.alert5.com എന്നീ വെബ്‌സൈറ്റുകളിലും ട്വിറ്ററിലും ടിബറ്റില്‍ എത്തിയ യുദ്ധവിമാനത്തിന്റെ ചിത്രം വന്നിട്ടുണ്ട്‌. ദിവസങ്ങള്‍ക്ക് മുമ്പ് ഹിമാലയത്തില്‍ ഇന്ത്യ സൂപ്പര്‍സോണിക് ബ്രഹ്മോസ് മിസൈലുകള്‍ സ്ഥാപിക്കുന്നതിനെതിരെ ചൈന ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വിമാനത്താവളമാണ് ദാവോ ചെങ് യാഡിംഗ്. ഇവിടെ ടാര്‍പോളിന്‍ കൊണ്ട് മറച്ച നിലയിലാണ് റഡാറുകള്‍ക്ക് കണ്ടെത്താന്‍ സാധിക്കാതെ പറക്കാന്‍ കഴിയുന്ന യുദ്ധവിമാനം ചൈന ഇറക്കിയിട്ടുള്ളത്.

ജെ-20 വിഭാഗത്തില്‍പെട്ട ഈ യുദ്ധവിമാനം ചൈനീസ് വ്യോമ സേനയുടെ പ്രധാന ആയുധമാണ്. ബ്രഹ്മോസ് മിസൈലുകളുടെ കരാറുമായി ബന്ധപ്പെട്ടതടക്കമുള്ള ചര്‍ച്ചകള്‍ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വിയറ്റ്‌നാമിലേക്ക് തിരിക്കുന്നുണ്ട്. അതിനു ശേഷമാണ് അദ്ദേഹം ജി-20 ഉച്ചക്കോടിക്കായി ചൈനയിലെത്തുക.

ഇന്ത്യ സ്ഥാപിച്ചിട്ടുള്ള ബ്രഹ്മോസ് മിസൈലുകളെ കടലില്‍ നിന്ന് 290 കിലോമീറ്ററിലധികം ദൂരത്തില്‍ കരയിലെ ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കുന്നവയാണ്. റഷ്യയുമായി ചേര്‍ന്നാണ് ഇന്ത്യ ഇത് നിര്‍മിച്ചിട്ടുള്ളത്.