രാഹുൽഗാന്ധി ജയ്പുറിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു. ഫോട്ടോ - സാബു സ്‌കറിയ, മാതൃഭൂമി
ജയ്പുര്‍: കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചൈന യുദ്ധത്തിന് ഒരുക്കം നടത്തുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഉറങ്ങുകയാണെന്ന് അദ്ദേഹം ജയ്പുറില്‍ ആരോപിച്ചു. ഭാരത് ജോഡോ യാത്ര രാജസ്ഥാനില്‍ പ്രവേശിച്ചതിന് പിന്നാലെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു രാഹുല്‍.
ആക്രമണത്തിനല്ല, സര്‍വസന്നാഹത്തോടെയുമുള്ള യുദ്ധത്തിനാണ് ചൈന തയ്യാറെടുക്കുന്നത്. ഭീഷണി വ്യക്തമാണ്. എന്നാല്‍ നമ്മുടെ സര്‍ക്കാര്‍ ആ ഭീഷണിയെ അവഗണിക്കുകയാണ്. നമ്മളില്‍നിന്ന് വിവരങ്ങള്‍ മറച്ചുവെക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. എന്നാല്‍ ഒരുപാടുകാലം ഇത്തരം കാര്യങ്ങള്‍ മറച്ചുവെക്കാന്‍ അവര്‍ക്ക് സാധിക്കില്ല, രാഹുല്‍ പറഞ്ഞു.
ചൈനയെ സൂക്ഷിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായും രാഹുല്‍ പറഞ്ഞു. ലഡാക്ക്, അരുണാചല്‍ പ്രദേശ് മേഖലകളില്‍ ചൈന തയ്യാറെടുപ്പുകള്‍ നടത്തുകയാണ്. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഉറങ്ങുകയാണ്- രാഹുല്‍ വിമര്‍ശിച്ചു. തവാങ് മേഖലയില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പരാമര്‍ശം.
രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ നൂറാംദിനമായിരുന്നു ഇന്ന് (വെള്ളിയാഴ്ച). ഏകദേശം 2,600 കിലോമീറ്റര്‍ യാത്ര പിന്നിട്ടുകഴിഞ്ഞു. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍നിന്നാണ് യാത്ര ആരംഭിച്ചത്. രാജസ്ഥാനിലെ യാത്രയ്ക്കു ശേഷം ഭാരത് ജോഡോ ഹരിയാണയിലേക്ക് കടക്കും.
Content Highlights: china preparing for war but centre is sleeping says rahul gandhi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..