ന്യൂഡല്‍ഹി:  ഇന്ത്യന്‍ നിര്‍മിത മരുന്നുകള്‍ ദ്രുതഗതിയില്‍ ഇറക്കുമതി ചെയ്യാന്‍ ചൈന തയ്യാറെടുക്കുന്നു. അമേരിക്കയുമായി നിലനില്‍ക്കുന്ന വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയ്ക്ക് പുതിയ വിപണി തുറന്നു കിട്ടാനൊരുങ്ങുന്നത്. ജെനറിക് മരുന്നുകള്‍ക്കും സോഫ്റ്റ്‌വേറുകള്‍ക്കും പഞ്ചസാരകള്‍ക്കും ചിലയിനം അരികള്‍ക്കുമുള്ള ചൈനയുടെ ആവശ്യങ്ങള്‍ നികത്താനാണ് ഇന്ത്യന്‍ കമ്പനികള്‍ ഉറ്റുനോക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. 

ചൈന ഇപ്പോള്‍ പുതിയ ആശയങ്ങള്‍ പൂര്‍ണമായി കൈക്കൊള്ളുകയാണെന്ന് ചൈനയുമായുള്ള വ്യാപാര ബന്ധം പ്രോല്‍സാഹിപ്പിക്കാന്‍ മുന്‍കയ്യെടുത്ത സര്‍ക്കാര്‍ വക്താക്കള്‍ വ്യക്തമാക്കുന്നു. പ്രത്യക്ഷത്തില്‍  ഇതുസംബന്ധിച്ച തീരുമാനങ്ങളിലൊന്നും ഒപ്പു വച്ചില്ലെങ്കിലും ഇന്ത്യയില്‍ നിന്നുള്ള മരുന്നു വില്‍പ്പനയില്‍ ചൈന അനുകൂല നിലപാടാണ് എടുത്തിരിക്കുന്നത്. 

യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചിട്ടുള്ള മരുന്നുകമ്പനികള്‍ക്ക് അനുമതി നല്‍കുന്ന കാര്യം ചൈനയുടെ സജീവ പരിഗണനിയിലാണ്. ചൈനയിലേക്ക് കയറ്റുമതി നടത്താനുള്ള ലൈസന്‍സുകള്‍ ആറുമാസത്തിനകം ലഭിക്കുമെന്നാണ് ഇന്ത്യന്‍ കമ്പനികള്‍ പ്രതീക്ഷിക്കുന്നതെന്ന് ഫാര്‍മസ്യൂട്ടിക്കല്‍സ് എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ദിനേഷ് ദുവാ പറഞ്ഞു. 

ലോക ജനറിക് മരുന്നു വിപണിയില്‍ ആധിപത്യമുള്ള ഇന്ത്യയ്ക്ക് 17.3 ബില്യണ്‍ ഡോളറിന്റെ മരുന്നുകളാണ് 2017-18ല്‍ അമേരിക്കയിലേക്കും യൂറോപ്യന്‍ യൂണിയനിലേക്കും ഉള്‍പ്പെടെ കയറ്റുമതി ചെയ്തത്. എന്നാല്‍ അതില്‍ ഒരുശതമാനം മാത്രമേ ലോകത്തിലെ രണ്ടാമത്തെ വലിയ മരുന്നുവിപണിയായ ചൈനയിലേക്കു കയറ്റി അയക്കപ്പെടുന്നുള്ളു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഫാര്‍മസ്യൂട്ടിക്കല്‍ വ്യാപാരത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ് ചൈനയും ഇന്ത്യയും, മരുന്നുവിപണിയിലെ ശക്തമായ സഹകരണം ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്കു ഗുണകരമായിരിക്കും- ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവായ ഹുവാ ചുനിങ് പറഞ്ഞു. 

നേരത്തെ ഇന്ത്യയില്‍ നിന്ന് ഇറക്കുമതിചെയ്യുന്ന, അര്‍ബുദത്തിന് ഉള്‍പ്പെടെയുള്ള മരുന്നുകളുടെ തീരുവ കുറയ്ക്കാന്‍ ചൈന തീരുമാനിച്ചിരുന്നു. എന്നാല്‍ ചൈനയില്‍ അര്‍ബുദ മരുന്നുകള്‍ വില്‍ക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ലായിരുന്നു. ഈ വര്‍ഷം മേയ് മാസത്തില്‍ അര്‍ബുദമരുന്നുകളുടെ തീരുവ കുറയ്ക്കുമെന്നു ചൈന പ്രഖ്യാപിച്ചിരുന്നു. ചൈനയില്‍ ഒരു വര്‍ഷം ഏതാണ്ട് 43 ലക്ഷം പേരാണ് അര്‍ബുദ ബാധിതരാകുന്നതെന്നാണ് കണക്കുകള്‍ പറയുന്നത്.

മരുന്നുകള്‍ക്ക് ഇറക്കുമതി അനുമതി ലഭിച്ചാല്‍ ചൈനയുമായി നിലനില്‍ക്കുന്ന വ്യാപാര കമ്മി കുറയ്ക്കാന്‍ ഇന്ത്യയെ സഹായിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്.

Content highlights: China opens to Indian pharma