മുംബൈ: ആഴക്കടലില്‍ പാകിസ്താന് പുറമെ ചൈനയും ഇന്ത്യയ്ക്ക് വെല്ലുവിളിയെന്ന് വൈസ് അഡ്മിറല്‍ ആര്‍. ഹരികുമാര്‍. ഇത്തരം വെല്ലുവിളികളെ നേരിടാന്‍ നാവികസേനയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഐ.എന്‍.എസ്. വിരാടിനൊപ്പമുണ്ടായിരുന്ന കാലഘട്ടം ഏറെ ആസ്വദിച്ചിരുന്നുവെന്നും മലയാളിയായ ആര്‍. ഹരികുമാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. നാവികസേന മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് ഒരു മാധ്യമത്തിനോട് അദ്ദേഹം പ്രതികരിക്കുന്നത്. 

നാവികസേനയുടെ മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്നും ആര്‍. ഹരികുമാര്‍ പറഞ്ഞു. ഓരോ ഘട്ടത്തിലും സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും പിന്തുണ ലഭിച്ചിരുന്നു. ഇതിനൊപ്പം ദൈവാനുഗ്രഹം കൂടിയുള്ളതിനാലാണ് ഇതുവരെയെത്താന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

2008-ന് ശേഷം പാകിസ്താന് പുറമെ ചൈനയും ആഴക്കടലില്‍ ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതായി നിയുക്ത നാവികസേന മേധാവി പറഞ്ഞു. ആഴക്കടലിലെ വെല്ലുവിളികളെ നേരിടുന്നതിനായി നാവികസേയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അതിനായിരിക്കും തന്റെ പ്രഥമ പരിഗണനയെന്നും വെെസ് അഡ്മിറല്‍ ആര്‍.ഹരികുമാര്‍  പ്രതികരിച്ചു.

Content Highlights: China is also a threat after pakistan in deep waters says vice admiral r harikumar