ന്യൂഡല്‍ഹി:  ലഡാക്കില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ അരുണാചല്‍ പ്രദേശിലും ചൈന പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. അരുണാചല്‍ പ്രദേശിലെ യഥാര്‍ഥ നിയന്ത്രണരേഖയോട് ചേര്‍ന്നുള്ള ആറ് സ്ഥലങ്ങളില്‍ ചൈനീസ് സൈന്യം കൂടുതല്‍ സേനാ വിന്യാസം നടത്തുന്നുവെന്നാണ് വിവരങ്ങള്‍. അപ്പര്‍ സുബന്‍സിരിയിലെ അസാപില, ലോങ്ജു, ബിസ, മാജാ തുടങ്ങിയ പ്രദേശങ്ങളില്‍ സംഘര്‍ഷം നില നില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിസയിലെ നിയന്ത്രണരേഖയോട് ചേര്‍ന്ന് ചൈന റോഡ് നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. ലഡാക്കിലെ സംഘര്‍ഷത്തിന് പിന്നാലെ 1962ലെ യുദ്ധകാലത്ത് പ്രശ്‌നങ്ങള്‍ ഉണ്ടായ പ്രദേശങ്ങളില്‍ ഇന്ത്യന്‍ സൈന്യം ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഇവിടെ തര്‍ക്കം നിലനില്‍ക്കുന്ന ആറ് മേഖലകളിലും നാല് തന്ത്രപ്രധാനമായ പ്രദേശങ്ങളിലും സൈന്യം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. 

ചൈനീസ് സൈന്യത്തിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും നീക്കമുണ്ടായാല്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പട്രോളിങ്ങും ശക്തിപ്പെടുത്തിയിട്ടുണ്ട്. സമുദ്ര നിരപ്പില്‍ നിന്ന് ഏറെ മുകളിലുള്ള അസാപില്ലയില്‍ ചൈന അവകാശവാദം ഉന്നയിക്കുന്നുണ്ട്.

Content Highlights: China has increased the deployment of its troops at six areas along LAC near Arunachal Pradesh