ഗാന്ധിനഗർ: ഇന്ത്യ - ചൈനീസ് അതിർത്തിയിൽ 680 ചൈനീസ് കുടിലുകളടങ്ങിയ ഗ്രാമം ചൈന നിർമ്മിച്ചതായി വെളിപ്പെടുത്തല്‍. അന്താരാഷ്ട്ര തീവ്രവാദ വിരുദ്ധ കൗൺസിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഗ്രാമത്തിലുള്ള ചൈനീസ് പൗരന്മാർ ഇന്ത്യക്കാരെ പ്രലോഭിപ്പിച്ച് തങ്ങള്‍ക്കൊപ്പം ചേർക്കാൻ ശ്രമിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ഭൂട്ടാൻ അതിർത്തിയോട് ചേർന്ന് ചൈന നിർമ്മിച്ച ഗ്രാമത്തിലുള്ളവര്‍ തങ്ങളുടെ ആഢംബര ജീവിതരീതി ചൂണ്ടിക്കാട്ടി ജനങ്ങളെ പ്രലോഭിപ്പിച്ച് തങ്ങളോടൊപ്പം ചേർക്കുന്നു. ഇത് ചൈനയുടെ ഭാഗത്ത് നിന്നുള്ള സുരക്ഷാ, ഇന്റലിജൻസ് ഓപ്പറേഷനാണ്. അവർ ഇന്ത്യക്കാരായ പ്രദേശവാസികളെ ഇന്ത്യയ്ക്കെതിരെയാക്കി മാറ്റുന്നു. ഇത്തരം പ്രവർത്തനങ്ങളെ തടയാൻ വേണ്ടി പോലീസുകാർക്ക് ട്രെയിനിങ് നൽകുന്നുണ്ടെന്നും അന്താരാഷ്ട്ര തീവ്രവാദവിരുദ്ധ കൗൺസിൽ അംഗം കൃഷ്ണ വർമ പറഞ്ഞു. 

സാങ്കേതിക രംഗത്ത് ചൈന ഏറെ മുന്നിലാണ്. പ്രത്യേകിച്ചും സോഷ്യല്‍ മീഡിയ, ഇന്റര്‍നെറ്റ് എന്നിവയില്‍. സോഷ്യൽ മീഡിയ ഉപയോഗിച്ച് ഇന്ത്യൻ പൗരന്മാരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമവും ചൈന നടത്തുന്നുണ്ട്. ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങൾ ഇത്തരം കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി നഗറിലെ രാഷ്ട്രീയ രക്ഷാ സർവകലാശാലയിൽ നടന്ന 12 ദിന പ്രത്യേക പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പ്രദേശവാസികളെ ഇത്തരം പ്രവൃത്തികളെക്കുറിച്ച് ബോധവാന്മാരാക്കാന്‍ വേണ്ടി തങ്ങള്‍ ചൈനീസ് ഭാഷയായ മന്ദരി പഠിപ്പിച്ചു വരികയാണ്. രാഷ്ട്രീയ രക്ഷാ സര്‍വകലാശാല ഇതിനായി ഒരു വര്‍ഷത്തെ കോഴ്‌സ് നല്‍കുന്നുണ്ട്. ഇത് ഈ ഭാഷയുമാിയ ബന്ധപ്പെട്ട് അടിസ്ഥാന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും. വൈകാതെ തന്നെ ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശാനുസരണം അഞ്ചു വര്‍ഷത്തെ കോഴ്‌സാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Content highlights: China Has Built 680 Thriving Villages Along Border With India: Report