ന്യൂഡല്‍ഹി:  ഇന്ത്യ- ചൈന വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ച് ബി.ജെ.പി. രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനയില്‍നിന്ന് കോടികളുടെ സംഭാവനകള്‍ കൈപ്പറ്റിയെന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയാണ്  ആരോപണം ഉന്നയിച്ചത്. 2005-2006 വര്‍ഷത്തില്‍ ചൈനയില്‍നിന്നും ചൈനീസ് എംബസിയില്‍നിന്നും മൂന്ന് ലക്ഷം ഡോളറിന്റെ സംഭാവന രാജീവ് ഗാന്ധി ഫൗണ്ടേഷന് ലഭിച്ചിട്ടുണ്ടെന്ന് നഡ്ഡ ആരോപിക്കുന്നു. 

മധ്യപ്രദേശിലെ പ്രവര്‍ത്തകരും അനുഭാവികളുമായി നടത്തിയ ജനസംവാദ് വെര്‍ച്വല്‍ റാലിയിലാണ് നഡ്ഡ ആരോപണം ഉന്നയിച്ചത്.  കോണ്‍ഗ്രസും ചൈനയും തമ്മിലുള്ള രഹസ്യബന്ധത്തിനുള്ള തെളിവാണെന്നും നഡ്ഡ ആരോപിച്ചു. 2017-ല്‍ ദോക്‌ലാം സംഘര്‍ഷ സമയത്ത് ചൈനീസ് അംബാസിഡറുമായി രാഹുല്‍ ഗാന്ധി രഹസ്യ ചര്‍ച്ച നടത്തി. ഇപ്പോള്‍ ഗല്‍വാന്‍ സംഘര്‍ഷ സമയത്ത് കോണ്‍ഗ്രസ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും നഡ്ഡ ആരോപിച്ചു. ജെ.പി നഡ്ഡയോടൊപ്പം ജ്യോതിരാദിത്യ സിന്ധ്യയും പങ്കെടുത്തിരുന്നു. 

രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധിയാണ്.  മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, രാഹുല്‍ ഗാന്ധി, പി. ചിദംബരം, പ്രിയങ്ക ഗാന്ധി എന്നിവരാണ് ട്രസ്റ്റിലെ ബോര്‍ഡംഗങ്ങള്‍. 

ഇന്ത്യയും ചൈനയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ എത്രത്തോളം പ്രായോഗികവും ആവശ്യവുമാണെന്നതില്‍ നിരവധി പഠനങ്ങളാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ നടത്തിയത്. ഇതിനൊക്കെ പിന്നാലെയാണ് പണം എത്തിയതെന്നും ബി.ജെ.പി. നേതാവായ അമിത് മാളവ്യ ആരോപിക്കുന്നു. ചൈനയുമായി സ്വതന്ത്ര വ്യാപാരക്കരാര്‍ ഒപ്പിടാന്‍ സര്‍ക്കാരിനെ സ്വാധീനിക്കുന്നതിന് വേണ്ടിയായിരുന്നു ഈ സാമ്പത്തിക സഹായമെന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരത്തില്‍ വലിയ അന്തരം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പഠനം നടന്നതെന്നും മാളവ്യ ചൂണ്ടിക്കാണിക്കുന്നു. 

2008-ല്‍ കോണ്‍ഗ്രസ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ധാരണാപത്രത്തില്‍ ഒപ്പിട്ടിരുന്നുവെന്നും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. എന്തായിരുന്നു ആ ധാരണാപത്രമെന്ന് വെളിപ്പെടുത്താന്‍ കോണ്‍ഗ്രസ് തയ്യാറാകേണ്ടതുണ്ടെന്നും ബിജെപി ആവശ്യപ്പെടുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള കോണ്‍ഗ്രസിന്റെ ബന്ധം എന്തിനാണ്‌ മറച്ചുവെക്കുന്നതെന്നും അമിത് മാളവ്യ ചോദിക്കുന്നു.

Content Highlights: China donated to Rajiv Gandhi Foundation, BJP accuses Congress China deal