ന്യൂഡല്‍ഹി:  അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കെ ഇന്ത്യയുമായുള്ള നിയന്ത്രണരേഖയോട് ചേര്‍ന്ന് ടിബറ്റില്‍ കൂടുതല്‍ ആയുധങ്ങള്‍ ചൈന വിന്യസിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ലഡാക്ക്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, സിക്കിം, അരുണാചല്‍ പ്രദേശ് എന്നീ മേഖലകളോട് ചേര്‍ന്നാണ് പുതിയ നീക്കങ്ങള്‍. 

സമുദ്രനിരപ്പില്‍നിന്ന് 4,600 മീറ്റര്‍ ഉയരത്തില്‍ വിന്യസിച്ച ഹൈ ആള്‍ട്ടിട്ട്യൂഡ് ആള്‍ട്ടിലറി ഗണ്ണുകളാണ് ഇതില്‍ സുപ്രധാനം. ഇതിന് പുറമെ ചൈനയുടെ 77-ാം കോബാറ്റ് കമാന്‍ഡിന്റെ കീഴില്‍ 150 ലൈറ്റ് കമ്പൈന്‍ഡ് ആര്‍മ്‌സ് ബ്രിഗേഡുകളെയും ചൈനീസ് സൈന്യം വിന്യസിച്ചിട്ടുണ്ട്. അമേരിക്കന്‍ സൈന്യത്തിന്റെ ബ്രിഗേഡ് കോംബാറ്റ് ടീം മാതൃകയില്‍ രൂപീകരിച്ച വിഭാഗമാണ് ഇവ. 

സങ്കീര്‍ണമായ വിവിധ ആയുധങ്ങളുടെ യോജിച്ചുള്ള കാര്യക്ഷമമായ ഉപയോഗത്തിന് വേണ്ടിയുള്ള സൈനിക വിഭാഗമാണ് ഇവര്‍. ഈ വിഭാഗത്തിനെയാണ് നിയന്ത്രണരേഖയോട് ചേര്‍ന്ന് ടിബറ്റില്‍ ചൈന വിന്യസിച്ചുകൊണ്ടിരിക്കുന്നത്. 

ഇതിന് പുറമെ ഇന്ത്യ- നേപ്പാള്‍- ചൈന അതിര്‍ത്തികള്‍ ചേരുന്ന ലിപുലേഖിന് സമീപവും ചൈന കൂടുതല്‍ സേനാ വിന്യാസം നടത്തുന്നുണ്ട്. നിരവധി തവണ ചര്‍ച്ചകള്‍ നടന്നിട്ടും ലഡാക്കില്‍നിന്നുള്ള സൈനിക പിന്മാറ്റം ചൈന പൂര്‍ത്തിയാക്കിയിട്ടില്ല. അതിനിടെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്.

Content Highlights: China deploys high altitude artillery guns in Tibet