ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍നിന്ന് കാണാതായ അഞ്ചു യുവാക്കളെ കണ്ടെത്തി. ഇവരെ ചൈനീസ് പട്ടാളം പിടിച്ചുകൊണ്ടുപോയെന്നായിരുന്നു ആരോപണം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവാക്കളെ കാണാതാകുന്നത്. ഇവരെ കണ്ടെത്താന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ അയച്ച സന്ദേശത്തിന് മറുപടി ലഭിച്ചുവെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

യുവാക്കളെ കണ്ടെത്തിയെന്ന് ചൈന സ്ഥിരീകരിച്ചെന്നും ഇവരെ കൈമാറാനുളള നടപടികള്‍  പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. 

കഴിഞ്ഞ വെളളിയാഴ്ച കാണാതായ അഞ്ചു യുവാക്കള്‍ ഉള്‍പ്പടെ ഏഴു പേര്‍ കാട്ടില്‍ വേട്ടക്കായി പോയിരുന്നു. ഇവരില്‍ രണ്ടു പേരാണ് മടങ്ങിയെത്തിയത്. മറ്റുളളവരെ ചൈനീസ് പട്ടാളം പിടിച്ചുകൊണ്ടുപോയെന്നാണ് ഇവര്‍ കുടുംബാംഗങ്ങളെ അറിയിച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്ക് സന്ദേശമയച്ചിരുന്നു. 

അപ്പര്‍ സുബന്‍ സിരി ജില്ലയിലെ നാച്ചോ പ്രദേശത്തുളള ഗ്രാമവാസികളാണ് അഞ്ചുപേരും. 

Content Highlights:China confirmed that the five missing youths from Arunachal Pradesh found on their side