ന്യൂയോര്‍ക്ക്: കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് ചൈനയുടെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്ന് ചൈനീസ് പ്രധാനമന്ത്രി ലീ കെച്യാംഗ്.

യുഎന്‍ സമ്മേളനത്തില്‍ കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്റെ നിലപാടിനെക്കുറിച്ച് ലോകരാജ്യങ്ങള്‍ക്കിടയില്‍ നല്ലൊരു ധാരണയുണ്ടാകുമെന്ന് ചൈന പ്രതീക്ഷിക്കുന്നുണ്ടെന്നും പാകിസ്താന് ചൈനയുടെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും ചൈനീസ് പ്രധാനമന്ത്രി പറഞ്ഞു. 

യു.എന്‍ സമ്മേളനത്തിനിടെ  പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ചൈന പാകിസ്താനെ പിന്തുണ അറിയിച്ചത്.

ചൈന പാകിസ്താനൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഏത് വേദിയിലും പാകിസ്താനെ പിന്തുണക്കാന്‍  തയ്യാറാണെന്നും  ഇന്ത്യ-പാക് ബന്ധത്തെ നല്ലരീതിയില്‍ പ്രോത്സാഹിപ്പിക്കാനും ചൈനയുടെ പിന്തുണയുണ്ടാകുമെന്നും  അദ്ദേഹം പറഞ്ഞു. പാകിസ്താനിലെ ചൈനക്കാരുടെ സുരക്ഷാ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്ന പ്രധാനമന്ത്രി നവാസ് ഷെരീഫിനെ നന്ദിയറിയിക്കുന്നുവെന്നും ലീ കെച്യാംഗ് പറഞ്ഞു.