ഡേറാ ഗാസി ഖാന്‍: പാകിസ്താനില്‍ കുട്ടിയെ ചുട്ടുപഴുത്ത കോടാലി നക്കാന്‍ നിര്‍ബന്ധിച്ച മൂന്ന് പേരെ അറസ്റ്റു ചെയ്തതായി റിപ്പോര്‍ട്ട്. ഫസ്‌ലാ കച്ചിലെ ബോര്‍ഡര്‍ മിലിറ്ററി പോലീസാണ് അറസ്റ്റ് നടത്തിയതെന്ന് പാകിസ്താന്‍ പത്രമായ ഡോണ്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. മോഷണക്കേസിലെ നിരപരാധിത്വം തെളിയിക്കുന്നതിന്റെ പേരിലായിരുന്നു ക്രൂരത. 
 
ചായപ്പാത്രം മോഷ്ടിച്ചെന്നായിരുന്നു ആട്ടിടയനായ തെഹ്‌സീബിനു നേരെയുള്ള ആരോപണം. ഇരയുടെ പിതാവ്, ജാന്‍ മുഹമ്മദ് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

നാക്കില്‍ കനത്ത പൊള്ളലുണ്ടായതിനെത്തുടര്‍ന്ന് തെഹ്‌സീബിനെ തെബ്‌സില്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  സിറാജ്, അബ്ദുള്‍ റഹീം, മുഹമ്മദ് ഖാന്‍ എന്നിവരാണ് അറസ്റ്റിലായവര്‍. 

കുറ്റകൃത്യം ചെയ്തവരുടെ നിരപരാധിത്വം തെളിയിക്കാന്‍ ഇപ്പോഴും പ്രാകൃതമായ രീതികളാണ് പാകിസ്താനിലെ ബലോച്ച് ഗോത്രവര്‍ഗക്കാര്‍ അവലംബിക്കുന്നത്. തീക്കട്ടയിലൂടെ നടത്തിക്കുക, ചുട്ടുപഴുത്ത ലോഹം നക്കുക, വെള്ളത്തില്‍ ശ്വാസം പിടിച്ച് മുങ്ങിക്കിടക്കുക തുടങ്ങിയവയാണ് ഇവിടുത്തുകാര്‍ കുറ്റം തെളിയിക്കാനുപയോഗിക്കുന്ന രീതികള്‍.

ലൈംഗികാതിക്രമവും ബാലവേലയുമുള്‍പ്പെടെ കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ പാകിസ്താനില്‍ വര്‍ധിച്ചു വരികയാണ്.ഒരു ദിവസം എട്ടോളം കുട്ടികള്‍ ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നാണ് 2020ലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

Content Highlights: child forced to lick hot axe to prove innocence in pakistan