
വി. മുരളീധരൻ (ഫയൽ ചിത്രം) | Photo:ANI
ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവള വികസനത്തിന് സ്വകാര്യ പങ്കാളിത്തം തേടിയത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞത് വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യങ്ങളെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്.
ലേലത്തില്‍ പങ്കെടുത്ത ശേഷം കൈമാറ്റം ശരിയല്ലെന്ന വിചിത്ര വാദമാണ് മുഖ്യമന്ത്രിയുടേത്. സംസ്ഥാന സര്‍ക്കാര്‍ കമ്പനിയേക്കാള്‍ കൂടുതല്‍ തുക കാണിച്ചതിനാലാണ് അദാനി ഗ്രൂപ്പിന് വിമാനത്താവളം കൈമാറിയത്. 168 കോടി രൂപയായിരുന്നു അദാനി ഗ്രൂപ്പിന്റെ ലേലത്തുക. സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രത്തിലുള്ള കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്പ്പറേഷന് 135 കോടിയാണ് മുന്നോട്ട് വച്ചിരുന്നത്. തികച്ചും സുതാര്യമായ രീതിയിലാണ് ലേല നടപടികള്‍ നടന്നതെന്നും മുരളീധരന് പറഞ്ഞു.
ലേലത്തില്‍ പങ്കെടുത്ത സര്‍ക്കാര്‍ കമ്പനിയുടെ പ്രൊപ്പോസല്‍ തയ്യാറാക്കിയത് അദാനിയുമായി ബന്ധമുള്ള ഏജന്‍സിയാണെന്ന വിമര്‍ശനവും നേരത്തെ ഉയര്‍ന്നിരുന്നു. വിമാനത്താവളം നടത്തി പരിചയം ഉണ്ടെന്ന് മുഖ്യമന്ത്രി പറയുന്ന പ്രധാന കമ്പനിയായ സിയാലിനെ ലേലത്തില്‍ പങ്കെടുപ്പിക്കാതെ പ്രത്യേകം കമ്പനി രൂപീകരിച്ചത് ആരുടെ താത്പര്യമായിരുന്നു എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം-മുരളീധരന് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന് അടക്കമുള്ളവരാണോ ഇതിന് പിന്നിലെന്ന് അന്വേഷിക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. അല്ലാതെ അനാവശ്യമായി കേന്ദ്രത്തെ പഴിചാരി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആര്.ടി.സിയില്‍ നടക്കുന്ന ക്രമക്കേടുകള്‍ സംബന്ധിച്ച് കഴിഞ്ഞ ദിവസം എം.ഡി. പരസ്യമായി പ്രതികരിച്ചതും ഈ ഘട്ടത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. പൊതുഗതാഗത സംവിധാനം പോലും ശരിയായ രീതിയില്‍ നടപ്പാക്കാന്‍ കഴിയാത്ത കേരളാ സര്‍ക്കാര്‍ വിമാനത്താവള നടത്തിപ്പില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നത് തീര്‍ത്തും അപഹാസ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
content highlights: chief minister pinarayi vijayan misleading assembly alleges v muraleedharan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..