ന്യൂഡല്‍ഹി: ശബരിമല, അയോധ്യ കേസുകളിലേതടക്കം സുപ്രധാന വിധികള്‍ ഒരു മാസത്തിന് ഉള്ളില്‍ പ്രസ്താവിക്കാന്‍ ഇരിക്കെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിദേശ സന്ദര്‍ശനം റദ്ദാക്കി. ഒക്ടോബര്‍ 18 മുതല്‍ 31 വരെ ദുബായ്, കെയ്‌റോ, ബ്രസീല്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ നടത്താനിരുന്ന സന്ദര്‍ശനമാണ് റദ്ദാക്കിയത്. 

18-മുതല്‍ 31വരെ നീണ്ടു നില്‍ക്കുന്ന വിദേശ യാത്രക്ക് ചീഫ് ജസ്റ്റിസിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. 18-ന് വൈകിട്ട് ദുബായിലേക്ക് പോകേണ്ടിയിരുന്ന ചീഫ് ജസ്റ്റിസ് അവിടെ നിന്ന് കെയ്‌റോ, ബ്രസീല്‍, ന്യൂയോര്‍ക്ക് എന്നിവടങ്ങളിലെ വിവിധ പരിപാടികളില്‍ പങ്കെടുത്ത് 31-ന് ഇന്ത്യയിലേക്ക് മടങ്ങി വരാനായിരുന്നു പദ്ധതി.

എന്നാല്‍ ഈ യാത്രകള്‍ റദ്ദാക്കിയതായി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ഇന്നലെ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. യാത്ര റദ്ദാക്കാനുള്ള കാരണം വ്യക്തമല്ല. ദീപാവലി അവധിക്കായി സുപ്രീം കോടതി ഈ മാസം 26-ന് അടയ്ക്കും. നവംബര്‍ നാലിന് ആണ് പിന്നീട് തുറക്കുന്നത്.

വിരമിക്കുന്നതിന് മുമ്പ് നവംബര്‍ 15-നാണ് ആണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് കേസുകള്‍ കേള്‍ക്കുന്ന അവസാന പ്രവര്‍ത്തി ദിനം. നവംബര്‍ നാലിനും 15 നും ഇടയില്‍ ചില സുപ്രധാന വിധികള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് പ്രസ്താവിക്കും.

ഈ വിധികള്‍ എഴുതാനാണ് ചീഫ് ജസ്റ്റിസ് വിദേശ യാത്ര അവസാന നിമിഷം റദ്ദാക്കിയത് എന്നാണ് സൂചന. ശബരിമലയില്‍ യുവതി പ്രവേശനം വിലക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് 1955 ഒക്ടോബര്‍ 21 ലും 1956 നവംബര്‍ 27 ലും ഇറക്കിയ വിജ്ഞാപനങ്ങളുടെ പകര്‍പ്പ് ചീഫ് ജസ്റ്റിസിന് വേണ്ടി കഴിഞ്ഞ മാസം അവസാനം സുപ്രീം കോടതിയിലെ ജഡ്ജസ് ലൈബ്രറി ചോദിച്ച് വാങ്ങിയിരുന്നു. വിധി എഴുതുന്നതിന് മുന്നോടി ആയിരുന്നു ഇത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

Content Highlights: Chief Justice Ranjan Gogoi canceled his foreign visit