ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉച്ചയ്ക്ക് രണ്ടു മണിക്ക് മാധ്യമങ്ങളെ കാണും. തനിക്കെതിരെയും സുപ്രീം കോടതി ഭരണ സംവിധാനത്തിനെതിരെയും ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ നാലു ജസ്റ്റിസുമാര്‍ പരസ്യമായി രംഗത്തെത്തിയതിന് പിന്നാലെയാണ് മിശ്രയുടെ വാര്‍ത്താസമ്മേളനം.

അറ്റോര്‍ണി ജനറലിനൊപ്പമായിരിക്കും അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ജസ്റ്റിസുമാരായ ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രജ്ഞന്‍ ഗോഗോയ്, മദന്‍ ബി ലോകൂര്‍ എന്നിവരാണ് ദീപക്മിശ്രയ്‌ക്കെതിരെ കടുത്ത ആരോപണവുമായി രംഗത്തെത്തിയത്. 

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ സമാനതകളില്ലാത്ത സംഭവവികാസങ്ങള്‍ക്കാണ്‌ ഇന്ന് സുപ്രീം കോടതി പരിസരം സാക്ഷ്യം വഹിച്ചത്. കോടതി നടപടികള്‍ നിര്‍ത്തിവെച്ചാണ് നാല് കൊളീജിയത്തില്‍ ഉള്‍പ്പെട്ട നാല് ജസ്റ്റിസുമാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഇതിനിടെ സുപ്രീംകോടതിയിലെ അസ്വാഭാവിക സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമമന്ത്രി രവിശങ്കര്‍ പ്രസാദുമായി ചര്‍ച്ച നടത്തി.