ശബരിമലയ്ക്കായി പ്രത്യേക നിയമം, ലാവലിന്‍, കാപ്പന്‍-ചീഫ് ജസ്റ്റിസ് രമണ പരിഗണിച്ച കേരള കേസുകള്‍


ബി. ബാലഗോപാൽ / മാതൃഭൂമി ന്യൂസ്

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് എൻ.വി. രമണ | Photo : PTI

ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് എൻ.വി. രമണ കേരളവുമായി ബന്ധപ്പെട്ട സുപ്രധാനമായ ചില കേസുകളാണ് പരിഗണിച്ചിട്ടുള്ളത്. ശബരിമലയ്ക്കായി പ്രത്യേകനിയമം നിർമ്മിക്കണമെന്ന് ജസ്റ്റിസ് രമണ നിർദേശിച്ചിരുന്നുവെങ്കിലും പിന്നീട് അതിൽ പുരോഗതി ഉണ്ടായില്ല. എസ്എൻസി ലാവലിൻ കേസ് അദ്ദേഹത്തിന്റെ ബെഞ്ചിൽ നിന്ന് മാറിയതിന്റെ കാരണം ഇനിയും വ്യക്തമല്ല. യുഎപിഎ കേസിൽ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ചികിത്സയ്ക്കായി ഡൽഹി എയിംസിലേക്ക് മാറ്റാൻ ഉത്തരവിട്ടത് ചീഫ് ജസ്റ്റിസ് രമണ അധ്യക്ഷനായ ബെഞ്ച് ആയിരുന്നു. എന്നാൽ കാപ്പന്റെ ജാമ്യാപേക്ഷ, വിരമിക്കുന്ന ലിസ്റ്റിൽ ഉൾപെടുത്താമെന്ന ചീഫ് ജസ്റ്റിസിന്റെ ഉത്തരവ് പാലിക്കപ്പെട്ടില്ല. കേരളവുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് രമണ പരിഗണിച്ച പ്രധാന കേസുകളും അതിന്റെ ഇപ്പോഴത്തെ സ്ഥിതിയും.

ഇനിയും യാഥാർഥ്യമാകാത്ത ശബരിമലയ്ക്കായുള്ള പ്രത്യേക നിയമം

ശബരിമലയിലെ ദേവപ്രശ്നവുമായി ബന്ധപ്പെട്ട് പന്തളം രാജകുടുംബത്തിലെ രേവതി തിരുനാൾ പി. രാമവർമ രാജ ഫയൽ ചെയ്ത ഹർജി പരിഗണിക്കവെയാണ് ശബരിമലയ്ക്കായി പ്രത്യേക ദേവസ്വം ബോർഡ് രൂപീകരിച്ച് കൊണ്ടുള്ള നിയമം തയ്യാറാക്കണമെന്ന് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് സംസ്ഥാന സർക്കാരിനോട് നിർദേശിച്ചത്. ഗുരുവായൂർ, തിരുപ്പതി ദേവസ്വങ്ങളുടെ മാതൃകയിൽ ആയിരിക്കണം ശബരിമല ദേവസ്വം ബോർഡെന്നും അദ്ദേഹം നിർദേശിച്ചിരുന്നു. നാല് ആഴ്ചയ്ക്കുള്ളിൽ നിയമത്തിന്റെ കരട് സുപ്രീം കോടതിക്ക് കൈമാറണമെന്ന് 2019 നവംബറിൽ ജസ്റ്റിസ് രമണ അധ്യക്ഷനായ ബെഞ്ച് കേരളത്തോട് നിർദേശിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ കേരളം നിയമത്തിന്റെ കരട് തയ്യാറാക്കിയെങ്കിലും അത് കോടതിയുടെ പരിഗണനയ്ക്ക് എത്തിയില്ല. പിന്നീട് രണ്ട് തവണ കേസ് പരിഗണിച്ചുവെങ്കിലും ശബരിമല നിയമ നിർമ്മാണത്തെ കുറിച്ച് വാദം നടന്നില്ല. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് പിന്നീട് ഈ കേസ് കോടതിയുടെ പരിഗണനയ്ക്ക് വന്നതുമില്ല. ശബരിമലയിൽ ഭക്തമാർക്ക് ദേവസ്വം ബോർഡും സർക്കാരും ഒരുക്കുന്ന സൗകര്യങ്ങളിലെ അപര്യാപ്തയിലുള്ള അതൃപ്തിയും ചീഫ് ജസ്റ്റിസ് രമണ തുറന്ന കോടതിയിൽ പ്രകടിപ്പിച്ചിരുന്നു.

ശബരിമല വിഷയത്തിൽ വിശാലബെഞ്ചിന്റെ വാദം പുനരാരംഭിക്കണമെന്ന ആവശ്യം പരിഗണിച്ചില്ല

ശബരിമല യുവതി പ്രവേശന കേസ് പരിഗണിക്കുന്ന വിശാലബെഞ്ചിന് മുമ്പാകെയുള്ള നടപടികൾ പുനരാരംഭിക്കണം എന്ന ആവശ്യം ചീഫ് ജസ്റ്റിസ് എൻ.വി. രമണ പരിഗണിച്ചില്ല. മുൻതന്ത്രി കണ്ഠരര് മഹേശ്വരരുടെ വിധവ ദേവകി അന്തർജനമാണ് ഈ ആവശ്യം ഉന്നയിച്ച് 2021 നവംബറിൽ ചീഫ് ജസ്റ്റിസ് രമണയ്ക്ക് കത്ത് എഴുതിയത്. 2020 ജനുവരിയിൽ ഒമ്പതംഗ ഭരണഘടനാബെഞ്ചിന് മുമ്പാകെ ശബരിമല കേസിൽ വാദം ആരംഭിച്ചുവെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. വിരമിക്കുന്നതിന് തൊട്ട് മുമ്പ് ഭരണഘടന ബെഞ്ച് പരിഗണിക്കുന്ന 25 കേസുകളുടെ പട്ടിക ചീഫ് ജസ്റ്റിസ് രമണ പുറത്തിറക്കിയെങ്കിലും ശബരിമല കേസ് പരിഗണിക്കുന്ന വിശാല ബെഞ്ചിനെ കുറിച്ച് അതിൽ ഒരു പരാമർശവും ഇല്ല.

പതിനേഴ് തവണ ലാവലിൻ ഹർജികൾ കേട്ടു, പിന്നീട് ബെഞ്ച് മാറി; കാരണം അജ്ഞാതം

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെട്ട എസ്എൻസി ലാവലിൻ കേസ് രണ്ട് വർഷം പരിഗണിച്ചിരുന്നത് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് ആയിരുന്നു. കോടതി രേഖകൾ പ്രകാരം 2017 ഒക്ടോബർ 27 മുതൽ 2019 ഒക്ടോബർ ഒന്ന് വരെ ലാവലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ചിരുന്നത് ജസ്റ്റിസ് രമണയുടെ ബെഞ്ച് ആണ്. പതിനേഴ് തവണയാണ് ഈ കാലയളവിൽ ലാവലിൻ ഹർജികൾ കോടതിയുടെ പരിഗണനയ്ക്ക് വന്നത്. ലാവലിനുമായി ബന്ധപ്പെട്ട വിവിധ ഹർജികളിൽ നോട്ടീസ് അയച്ചതും വിചാരണ സ്റ്റേ ചെയ്തതും ജസ്റ്റിസ് രമണയുടെ ബെഞ്ച് ആയിരുന്നു.

2019 ഒക്ടോബർ ഒന്നിനാണ് ജസ്റ്റിസ് രമണ അധ്യക്ഷനായ ബെഞ്ച് അവസാനമായി ലാവലിൻ ഹർജികൾ പരിഗണിച്ചിരുന്നത്. അന്ന് ബെഞ്ചിൽ ഒപ്പം ഉണ്ടായിരുന്നത് ജസ്റ്റിസുമാരായ ആർ. സുബാഷ് റെഡ്ഡിയും ബി.ആർ. ഗവായിയും. കേസിലെ ഒരു കക്ഷിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ട സാഹചര്യത്തിൽ ഹർജികൾ പരിഗണിക്കുന്നത് രണ്ട് ആഴ്ചത്തേക്ക് മാറ്റുന്നതായി ജസ്റ്റിസ് രമണ ഉത്തരവിറക്കി. എന്നാൽ ലാവലിൻ ഹർജികൾ പിന്നീട് ലിസ്റ്റ് ചെയ്തത് എട്ട് മാസങ്ങൾക്ക് ശേഷം. അതും ജസ്റ്റിസ് ലളിത് നേതൃത്വം നൽകുന്ന ബെഞ്ചിന് മുമ്പാകെ.

എന്തു കൊണ്ടാണ് ജസ്റ്റിസ് രമണയുടെ പരിഗണനയിൽ ഇരുന്ന കേസ് ജസ്റ്റിസ് ലളിത് നേതൃത്വം നൽകുന്ന ബെഞ്ചിന്റെ പരിഗണനയ്ക്ക് മാറ്റിയതെന്ന് വ്യക്തമല്ല. ജസ്റ്റിസ് രമണ സ്വയം പിന്മാറിയത് കാരണമാണോ അതോ അക്കാലത്ത് ചീഫ് ജസ്റ്റിസ് ആയിരുന്ന ആരെങ്കിലും മാറ്റിയതാണോ? ഈ ചോദ്യത്തിന് ഇത് വരെയും ഔദ്യോഗികമായ ഉത്തരം ഇത് വരെയും ലഭിച്ചിട്ടില്ല.

ജിഷ്ണു പ്രണോയിയുടെ മരണത്തെ കുറിച്ചുള്ള സിബിഐ അന്വേഷണത്തിന് കാരണം രമണയുടെ ഇടപെടൽ

പാമ്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിഐ ഏറ്റെടുത്തത് ജസ്റ്റിസ് എൻ.വി. രമണയുടെ ശക്തമായ ഇടപെടലിനെ തുടർന്നാണ്. ഈ കേസ് അന്വേഷിക്കില്ലെന്ന് സിബിഐ ഒരു ഘട്ടത്തിൽ സിബിഐ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ജസ്റ്റിസ് രമണ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചതിനെ തുടർന്നാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്.

സിദ്ദിഖ് കാപ്പന് ചികിത്സയ്ക്ക് ഉത്തരവിറക്കി; ജാമ്യഹർജി കേൾക്കാതെ വിരമിച്ചു

ഉത്തർപ്രദേശ് പോലീസ് യുഎപിഎ കേസിൽ അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ഡൽഹി എയിംസിൽ ചികിത്സ ലഭിച്ചത് ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ ഉത്തരവിനെ തുടർന്നാണ്. ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റ രണ്ടാം ദിനമാണ് കാപ്പന് ഡൽഹിയിൽ ചികിത്സ നൽകാനുള്ള ഉത്തരവ് എൻ.വി. രമണ ഇറക്കിയത്.

വിരമിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണയ്ക്ക് മുമ്പാകെ സിദ്ദിഖ് കാപ്പന്റെ ജാമ്യഹർജി അടിയന്തരമായി പരിഗണിക്കണം എന്ന ആവശ്യം ഉന്നയിക്കപ്പെടുന്നത്. ആവശ്യം ഉന്നയിച്ച കാപ്പന്റെ അഭിഭാഷകൻ ഹാരിസ് ബീരാനോട് ചീഫ് ജസ്റ്റിസ് രമണയുടെ ചോദ്യം ഇതായിരുന്നു. എന്തുകൊണ്ടാണ് ജാമ്യഹർജി നൽകാൻ വൈകിയത്? ചോദ്യത്തിന് പിന്നാലെ ഉത്തരവും അദ്ദേഹം ഇറക്കി. വെള്ളിയാഴ്ച പരിഗണിക്കുന്ന ഹർജികളുടെ പട്ടികയിൽ ഇത് ഉൾപ്പെടുത്തുക. പക്ഷേ ചീഫ് ജസ്റ്റിസ് രമണ വിരമിക്കുന്ന ദിവസത്തെ പട്ടികയിൽ കാപ്പന്റെ ജാമ്യ ഹർജി സ്ഥാനം പിടിച്ചില്ല. ചീഫ് ജസ്റ്റിസിന് മുമ്പാകെ ഇക്കാര്യം ചൂണ്ടിക്കാട്ടാൻ സീനിയർ അഭിഭാഷകരായ കപിൽ സിബൽ, ദുഷ്യന്ത് ദാവെ, അഭിഭാഷാകൻ ഹാരിസ് ബീരാൻ എന്നിവർ ചീഫ് ജസ്റ്റിസിന്റെ കോടതി മുറിയിൽ ഉണ്ടായിരുന്നു. എന്നാൽ ചീഫ് ജസ്റ്റിസിന്റെ അവസാന പ്രവൃത്തിമണിക്കൂറുകളിൽ ഇക്കാര്യം ഉന്നയിക്കേണ്ട എന്ന ധാരണ ഉണ്ടാകുകയായിരുന്നു.

കേരള ഹൈക്കോടതി സന്ദർശിക്കാതെ പടിയിറക്കം

ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റ ശേഷം കഴിഞ്ഞ പതിനാറ് മാസത്തിനിടയിൽ രാജ്യത്തെ ഒട്ടു മിക്ക ഹൈക്കോടതികളും ചീഫ് ജസ്റ്റിസ് എൻ.വി. രമണ സന്ദർശിച്ചിരുന്നു. എന്നാൽ രണ്ട് ഹൈക്കോടതികൾ മാത്രം അദ്ദേഹം ഈ കാലയളവിൽ സന്ദർശിച്ചിട്ടില്ല. കേരള ഹൈക്കോടതിയും കൊൽക്കത്ത ഹൈക്കോടതിയും. സമയക്കുറവും ഔദ്യോഗിക പരിപാടികൾ ഇല്ലാത്തതും കാരണമാണ് ഈ സന്ദർശനം നടക്കാത്തത് എന്നാണ് ചീഫ് ജസ്റ്റിസിന്റെ വിശദീകരണം.

സുപ്രീം കോടതി ജഡ്ജി ആയതിന് ശേഷവും അദ്ദേഹം കേരളം സന്ദർശിച്ചിട്ടില്ല. എന്നാൽ അതിന് മുമ്പ് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോഴും ആന്ധ്ര ഹൈക്കോടതി ജഡ്ജി ആയിരുന്നപ്പോഴും കേരളം സന്ദർശിച്ചിട്ടുണ്ട്. തിരുവന്തപുരത്തെ പദ്മനാഭസ്വാമിക്ഷേത്രം, ഗുരുവായൂർ എന്നിവ സന്ദർശിച്ചിട്ടുണ്ടെങ്കിലും ശബരിമലയിൽ പോകാൻ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights: Retd. Chief Justice N V Ramana, Chief Justice N V Ramana And Cases Related To Kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented