ന്യൂഡല്‍ഹി: ചൊവ്വാഴ്ച വിരമിക്കുന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് വിടനല്‍കാന്‍ കോടതിക്കുള്ളില്‍ ഗാനം ആലപിച്ച് അഭിഭാഷകന്‍. സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസിന്‍റെ അവസാന പ്രവൃത്തിദിവസമായ തിങ്കളാഴ്ച കോടതി നടപടികള്‍ അവസാനിക്കുന്നതിനിടെയാണ് ഒരു അഭിഭാഷകന്‍ വികാരാധീനനായി ഗാനം ആലപിച്ചത്. എന്നാല്‍ ഉടന്‍തന്നെ ചീഫ് ജസ്റ്റിസ് ഇടപെടുകയും പാട്ട് നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.

'തും ജിയോ ഹസാരോം സാല്‍' (നിങ്ങള്‍ ആയിരം വര്‍ഷങ്ങള്‍ ജീവിക്കട്ടെ) എന്ന ചലച്ചിത്ര ഗാനമാണ് അഭിഭാഷകന്‍ ആലപിച്ചത്. എന്നാല്‍ കോടതിയില്‍ ഗാനം ആലപിക്കുന്നതിലെ അനൗചിത്യത്തിന്‍റെ പേരില്‍ ചീഫ് ജസ്റ്റിസ് ഇടപെടുകയായിരുന്നു. ഇപ്പോള്‍ താന്‍ ഹൃദയത്തില്‍ നിന്നുമാണ് സംസാരിക്കുന്നതെന്നും വൈകുന്നേരം കാണുമ്പോള്‍ മനസ്സിന്‍ നിന്നും സംസാരിക്കാമെന്നും അഭിഭാഷകനെ തടഞ്ഞുകൊണ്ട് ദീപക് മിശ്ര പറഞ്ഞു. പുതിയ ചീഫ് ജസ്റ്റിസ് ആയി നിയമിതനാകുന്ന രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ എന്നിവരും ബെഞ്ചില്‍  ഉണ്ടായിരുന്നു. 

ചരിത്രമായി മാറിയ വിധി പ്രഖ്യാപനങ്ങള്‍ക്കു ശേഷം സര്‍വീസില്‍നിന്നു വിരമിക്കുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ കാലാവധി ചൊവ്വാഴ്ച വരെയാണ്. ചൊവ്വാഴ്ച അവധി ആയതിനാല്‍ അദ്ദേഹത്തിന്‍റെ അവസാന പ്രവൃത്തി ദിവസമാണ് തിങ്കളാഴ്ച്ച. ആധാര്‍ കാര്‍ഡ്, വിവാഹേതര ലൈംഗിക ബന്ധം, ശബരിമലയിലെ സ്ത്രീ പ്രവേശനം തുടങ്ങിയ വിഷയങ്ങളില്‍ സുപ്രധാന വിധികള്‍ പുറപ്പെടുവിച്ച ശേഷമാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സുപ്രീം കോടതിയില്‍നിന്ന് വിരമിക്കുന്നത്.

1996 ജനുവരി 17ന് ഒറീസാ ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായാണ് ദീപക് മിശ്ര നിയമിതനാകുന്നത്. പിന്നീട് മധ്യപ്രദേശ് ഹൈക്കോടതിലെത്തി. അടുത്ത വര്‍ഷം ഡിസംബര്‍ മുതല്‍ അദ്ദേഹം സ്ഥിരം ജഡ്ജിയായി. 2009ല്‍  പാറ്റ്നാ ഹൈക്കോടതിയില്‍ ഓഫീസ് ഇന്‍ ചാര്‍ജായി. പിന്നീട് ഡല്‍ഹി ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായിരിക്കുമ്പോഴാണ് 2011 ഒക്ടോബറില്‍ അദ്ദേഹം സുപ്രീം കോടതി ജഡ്ജിയാകുന്നത്. 2017 ഓഗസ്റ്റില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു.