Representative Image | Photo: Gettyimages.in
റായ്പുര്‍: ഛത്തീസ്ഗഢില്‍ സര്‍ഗുജ ജില്ലയില്‍ നടന്ന സര്‍ക്കാര്‍ വന്ധ്യംകരണ ക്യാമ്പിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. ഇവിടെ ഒരു സര്ജന് ഏഴ് മണിക്കൂറിനുള്ളില്‍ 101 സ്ത്രീകളില്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയെന്ന വിവരം പുറത്തുവന്ന സാഹചര്യത്തിലാണ് ഇത്. ക്യാമ്പിനെ സംബന്ധിച്ച പരാതികളെ തുടര്‍ന്ന്, അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. അലോക് ശുക്ല പറഞ്ഞു.
ക്യാമ്പില്‍ ഒരു സര്‍ക്കാര്‍ സര്ജന് 101 ശസ്ത്രക്രിയകള്‍ നടത്തി. ശസ്ത്രക്രിയയ്ക്ക് വിധേയരായ സ്ത്രീകള്‍ക്ക് മറ്റ് പ്രശ്നങ്ങളില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നിരുന്നാലും, സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഒരു ശസ്ത്രക്രിയാ വിദഗ്ധന്‍ ഒരു ദിവസം പരമാവധി 30 ശസ്ത്രക്രിയകളാണ് ചെയ്യാവുന്നത്. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന് കണ്ടെത്താന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഡോ. ശുക്ല പറഞ്ഞു.
തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ സര്‍ഗുജ ജില്ലയിലെ മെയിന്‍പാറ്റ് ബ്ലോക്കിലെ നര്‍മദാപൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. ഇവിടെ ഓഗസ്റ്റ് 27 നാണ് വന്ധ്യംകരണ ക്യാമ്പ് നടത്തിയത്. ക്യാമ്പില്‍ ക്രമക്കേടുകള്‍ നടന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് വകുപ്പ് നടപടിയെടുക്കുകയും സര്‍ജനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
ശസ്ത്രക്രിയ നടത്തിയ ഡോ. ജിബ്നസ് എക്ക എന്ന സര്‍ജിക്കല്‍ സ്പെഷ്യലിസ്റ്റിന് സര്‍ഗുജ ചീഫ് മെഡിക്കല്‍ ആന്റ് ഹെല്‍ത്ത് ഓഫീസര്‍ പി.എസ്. സിസോദിയ കാരണം കാണിക്കല്‍ നോട്ടീസ് നല്കി. എന്നാല്‍, ശസ്ത്രക്രിയയ്ക്കായി ധാരാളം സ്ത്രീകള്‍ എത്തിയിരുന്നുവെന്നും അവര്‍ ശസ്ത്രക്രിയ നടത്താന്‍ പ്രേരിപ്പിച്ചുവെന്നും ഡോക്ടര്‍ അവകാശപ്പെട്ടു. ദൂരഗ്രാമങ്ങളില്‍ നിന്ന് വന്നവരായിരുന്നുവെന്നും അവര്‍ക്ക് പതിവായി യാത്ര ചെയ്യാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Chhattisgarh Orders Probe After Surgeon Operates On 101 Women In 7 Hours
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..