റായ്പുര്‍ : ഛത്തീസ്ഗഢിലെ ബസ്തര്‍ മേഖലയില്‍ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോയ സിആര്‍പിഎഫ് ജവാനെ വിട്ടയച്ചു. ഈ മാസം നാലിന് മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലില്‍ 22 സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചിരുന്നു. 

സിആര്‍പിഎഫ് കമാന്‍ഡോ രാകേശ്വര്‍ സിങ്ങിനെ മോചിപ്പിച്ചു എന്ന വിവരമാണ് ഏറ്റവും ഒടുവിലായി പുറത്തു വന്നിരിക്കുന്നത്. 

ജമ്മു സ്വദേശിയാണ് 35 വയസ്സുള്ള രാകേശ്വര്‍ സിങ്. അച്ഛനെ വിട്ടുനല്‍കണമെന്ന് ജവാന്റെ അഞ്ചുവയസ്സുകാരിയായ മകള്‍ കണ്ണീരോടെ മാവോവാദികളോട് അഭ്യര്‍ഥിക്കുന്ന വീഡിയോ ഏതാനും ദിവസം മുമ്പ് പുറത്തുവന്നിരുന്നു.

രാകേശ്വര്‍ സിങ് തങ്ങളുടെ ഒപ്പമുണ്ടെന്നും പരിക്കുകളൊന്നും ഇല്ലെന്നും മാവോവാദികള്‍ ഫോണിലൂടെ അറിയിച്ചതായി സുക്മയിലെ ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ കഴിഞ്ഞദിവസം പോലീസിനെ അറിയിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ ഉറപ്പില്ലെന്നും മാവോവാദികള്‍ ഇതുമായി ബന്ധപ്പെട്ട് പ്രസ്താവനയോ രാകേശ്വര്‍ സിങ്ങിന്റെ ഫോട്ടോയോ പുറത്തുവിട്ടിട്ടില്ലെന്നും ബസ്തര്‍ റേഞ്ച് ഐ.ജി. പി. സുന്ദര്‍രാജ് പറഞ്ഞു.

ശനിയാഴ്ച തെക്കല്‍ഗുഡ-ജൊനഗുഡ ഗ്രാമങ്ങളില്‍ വെച്ചാണ് ഏറ്റുമുട്ടലുണ്ടായത്. ഇതില്‍ 22 ജവാന്മാര്‍ വീരമൃത്യു വരിച്ചു. 31 പേര്‍ക്ക് പരിക്കേറ്റു. സി.ആര്‍.പി.എഫ്. കോബ്രവിഭാഗത്തിലെ ഏഴുപേരും ബസ്തരിയ ബറ്റാലിയനിലെ ഒരാളും ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡിലെ എട്ടുപേരും പ്രത്യേക ദൗത്യസംഘത്തിലെ ആറുപേരുമാണ് മരിച്ചത്.

മന്‍ഹാസിന്റെ മോചനത്തിന് മധ്യസ്ഥനെ നിയമിക്കാന്‍ ആവശ്യപ്പെട്ട് ചൊവ്വാഴ്ച മാവോവാദികളുടെ ദണ്ഡകാരണ്യ സ്പെഷ്യല്‍ സോണല്‍ കമ്മിറ്റി വക്താവ് വികല്പിന്റെ പേരില്‍ ഹിന്ദിയില്‍ പ്രസ്താവനയിറക്കിയിരുന്നു. തുടര്‍ന്ന് ഛത്തീസ്ഗഢ് സര്‍ക്കാര്‍ മുൻകൈയ്യെടുത്ത് മധ്യസ്ഥനെ നിയോഗിച്ചിരുന്നു.

content highlights: Chhattisgarh Maoists release abducted CRPF commando