റായ്പുര്‍:വാക്‌സിനേഷന്‍ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ആദ്യം വാക്‌സിന്‍ നല്‍കാനുള്ള ഛത്തീസ്ഗഢ് സര്‍ക്കാരിന്റെ തീരുമാനം തിരുത്താന്‍ ആവശ്യപ്പെട്ട് ഹൈക്കോടതി. സാമ്പത്തിക നിലയനുസരിച്ചുള്ള വിഭജനം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഛത്തീസ്ഗഢ് ഹൈക്കോടതിയുടെ നിര്‍ദേശം.

ജീവിക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ട് തുല്യപരിഗണന ലഭിക്കണം. നിരാലംബരായ ആളുകള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനൊപ്പം സാമ്പത്തികമായി മുന്നിൽ നിൽക്കുന്നവർ വാക്‌സിനേഷന്‍ ക്യൂവില്‍ പുറത്താകുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

'നടപടികള്‍ ഭരണഘടനയ്ക്ക് അനുസൃതമായിരിക്കണം, ദേശീയ തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായിരിക്കണം. പ്രഥമദൃഷ്ട്യാ ഇപ്പോള്‍ ഉത്തരവിട്ടതുപോലെ 'സാമ്പത്തിക നില' മാത്രം അടിസ്ഥാനമാക്കി ഉപ വര്‍ഗ്ഗീകരണം ശരിയായ നടപടിയോ സുസ്ഥിരമോ അല്ല' കോടതി ഉത്തരവില്‍ പറയുന്നു.

വാക്‌സിനേഷന്‍ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ഏപ്രില്‍ 30-ന് ഛത്തീസ്ഗഢ് സര്‍ക്കാര്‍ മുന്‍ഗണനാ പട്ടിക തയ്യാറാക്കിയിരുന്നു. അന്ത്യോദയ ഗ്രൂപ്പിലെ അംഗങ്ങള്‍ (ദരിദ്രരില്‍ ഏറ്റവും ദരിദ്രരായവര്‍), ദാരിദ്രരേഖയ്ക്ക് താഴെയുള്ളവര്‍ (ബിപിഎല്‍ ഗ്രൂപ്പ്),ശേഷം അതിന് മുകളിലുള്ളവര്‍ എന്നിങ്ങനെയായിരുന്നു ക്രമപ്പെടുത്തിയിരുന്നത്. 18-മുതല്‍ 45 വയസ് വരെയുള്ളവര്‍ക്ക് വാക്‌സിന്‍ ലഭ്യത കുറവായത് കാരണമാണ് ഇത്തരമൊരു ക്രമീകരണമെന്നും എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്നും സംസ്ഥാന സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു.