റായ്പുര്‍: ഛത്തീസ്ഗഢില്‍ കന്നുകാലി വളര്‍ത്തുന്നവരില്‍നിന്ന് കിലോയ്ക്ക് രണ്ടുരൂപയ്ക്ക് ചാണകം ശേഖരിക്കുന്നതിനുള്ള ഗോധന്‍ ന്യായ് യോജന പദ്ധതി മുഖ്യമന്ത്രി ഭൂപേശ് ബഘേല്‍ ഉദ്ഘാടനം ചെയ്തു. ജൈവവളനിര്‍മാണത്തിനായാണ് ചാണകം ഉപയോഗപ്പെടുത്തുക.

വിവിധ ജില്ലാ കേന്ദ്രങ്ങളിലായി മന്ത്രിമാരും ഉദ്ഘാടനത്തിന്റെ ഭാഗമായി. ആദ്യ ദിവസം 1994 ക്വിന്റല്‍ ചാണകമാണ് ശേഖരിച്ചത്.

ഗ്രാമങ്ങളിലെ ഓരോ മേഖലയും തിരിച്ചുള്ള പ്രത്യേകസമിതികള്‍ രണ്ടുരൂപയ്ക്ക് ചാണകം കര്‍ഷകരില്‍നിന്ന് ശേഖരിക്കും. വനിതാസ്വയംസഹായസംഘങ്ങള്‍ ഇതുപയോഗിച്ച് മണ്ണിരക്കമ്പോസ്റ്റുണ്ടാക്കി കിലോഗ്രാമിന് എട്ടുരൂപ എന്നനിലയില്‍ കര്‍ഷകര്‍ക്ക് വില്‍ക്കും. ചാണകം മറ്റുത്പന്നങ്ങളുടെ നിര്‍മാണത്തിനും ഉപയോഗിക്കും. ഇത്തരത്തിലുള്ള 5000-ത്തോളം സമിതികള്‍ രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

പശുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാനും ജൈവവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമാണ് പദ്ധതി. കോവിഡ് രോഗവ്യാപനകാലത്ത് ഗ്രാമീണസമ്പദ്വ്യവസ്ഥയ്ക്ക് പദ്ധതി ഗുണംചെയ്യുമെന്ന് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ബഘേല്‍ പറഞ്ഞു.

Content Highlights: Chhattisgarh govt kicks off scheme to buy cow dung