റായ്പുര്‍: ഛത്തീസ്ഗഢില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോവാദികള്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ മാവോവാദി മേഖലയായ സുഖ്മ ജില്ലയിലെ ബസ്തറില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. 

ഡിസ്ട്രിക് റിസര്‍വ് ഗാര്‍ഡും (ഡിആര്‍ജി), സിആര്‍പിഎഫിന്റെ കോബ്ര ഫോഴ്‌സും ചേര്‍ന്നുള്ള സംയുക്ത നീക്കമാണ് നടത്തിയതെന്ന് ബസ്തര്‍ റേഞ്ച് ഐജി പി. സുന്ദരരാജ് പറഞ്ഞു. പ്രദേശത്തെ മാവോവാദി സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ബുധനാഴ്ച രാവിലെ ഒന്‍പത് മണിയോടെ ജഗര്‍ഗുണ്ട പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പുലംഫര്‍ കാടിനടുത്താണ് സൈനികരും മാവോവാദികളും തമ്മില്‍ കനത്ത വെടിവയ്പ് ഉണ്ടായത്. വെടിവയ്പ്പ് ഏകദേശം 20 മിനിറ്റ് നീണ്ടുനിന്നു.ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്നും തോക്കുകളും സ്‌ഫോടകവസ്തുക്കള്‍ അടക്കമുള്ളവയും കണ്ടെടുത്തു.

Content Highlights: Four Maoists killed in encounter with security forces in Chhattisgarh