റായ്പുര്‍: ഒരു വൈദ്യുതി ബില്‍ വന്നതിന്റെ അമ്പരപ്പിലാണ് ഛത്തീസ്ഗഢിലെ മഹാസമുംദ് എന്ന ഗ്രാമത്തിലെ കര്‍ഷകന്‍. ആയിരങ്ങളല്ല, ലക്ഷവുമല്ല, കോടികളായിരുന്നു ബില്ലില്‍ കണ്ടത്. റാം പ്രസാദ് എന്ന കര്‍ഷകനാണ് 76.73 കോടി രൂപയുടെ ബില്ല് വൈദ്യുതി ബോര്‍ഡില്‍ നിന്നും വന്നത്. 

വീട്ടാവശ്യത്തിന് മാത്രമാണ് ഞാന്‍ വൈദ്യുതി ഉപയോഗിച്ചതെന്നും കര്‍ഷകന്‍ റാം പ്രസാദ് പറഞ്ഞു. 

പ്രസാദിന്റെ വീട്ടിലെ വൈദ്യുതി മീറ്റര്‍ ഓഗസ്റ്റ് നാലിന് മാറ്റി സ്ഥാപിച്ചിരുന്നു. അതേതുടര്‍ന്നുണ്ടായ സാങ്കേതിക പിഴവായിരിക്കാം ഇതിനു കാരണമെന്നാണ് വൈദ്യുത ബോര്‍ഡ് നല്‍കുന്ന വിശദീകരണം. 

സാധാരണ ആളുകള്‍ക്ക് നല്‍കിയ ബില്ല് പുനഃപരിശോധിക്കാറുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ അതുണ്ടായില്ലെന്നാണ് കരുതുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ സസ്പെന്‍ഡ് ചെയ്തതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇതിനുപുറമെ പഴയ ബില്ല് റദ്ദാക്കി 1820 രൂപയുടെ പുതിയ ബില്‍ പ്രസാദിന് നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍, ഈ സംഭവം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചു. ലക്ഷക്കണക്കിന് രൂപയുടെ ബില്‍ ഇത്തരത്തില്‍ കര്‍ഷകര്‍ക്ക് അയച്ചിട്ടുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. 

ജില്ലയില്‍ പല കര്‍ഷകരില്‍ നിന്നും അമിത ബില്ല് ഈടാക്കുന്നുണ്ടെന്ന് കര്‍ഷക നേതാവ് അമിതാഭ് പാല്‍ ആരോപിച്ചു. അധികൃതരുടെ അശ്രദ്ധ മൂലമാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.