ന്യൂഡല്‍ഹി: ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിങ് തന്റെ വാഹന വ്യൂഹത്തിനായി വാങ്ങി കൂട്ടിയത് 19 ആഡംബര എസ് യു വികള്‍. ഇവയുടെ നമ്പര്‍ 0004. സംഖ്യാ ശാസ്ത്രത്തില്‍ തനിക്കുള്ള വിശ്വാസത്തിനു വേണ്ടി ഖജനാവിലെ പണം ചിലവിട്ടതില്‍ മുഖ്യമന്ത്രിക്കുനേരെ കടുത്ത വിമര്‍ശന ഉയര്‍ന്നിട്ടുണ്ട്.    

19 അദ്ദേഹത്തിന്റെ ഭാഗ്യ നമ്പറാണെന്നും നാലാം തവണ മുഖ്യമന്ത്രിയാകുമെന്ന വിശ്വാസത്തിലാണ് എല്ലാ വാഹനങ്ങള്‍ക്കും നമ്പര്‍ 0004 എടുത്തതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

ഉയര്‍ന്ന മാവോയിസ്റ്റ് സാന്നിധ്യമുള്ള സംസ്ഥാനമാണ് ഛത്തീസ്ഗഡ്. അതുകൊണ്ട് തന്നെയാണ് അദ്ദേഹം യാത്രക്കായി പജേറൊ തിരഞ്ഞെടുത്തത്. സുരക്ഷ ഉറപ്പാക്കുന്നതിനായി ഏത് വാഹനത്തിലാണ് യാത്ര ചെയ്യുന്നതെന്ന് തിരിച്ചറിയാതിരിക്കാനാണ് ഒരേ മോഡലില്‍ ഉള്ള 19 കാറുകള്‍ എടുത്തതെന്നുമാണ് വിലയിരുത്തലുകള്‍. 

എന്നാല്‍, സംഖ്യാശാസ്ത്രത്തില്‍ വിശ്വസിക്കുന്നെന്ന വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു. സഖ്യാശാസ്ത്രം പോലുള്ള കാര്യങ്ങളില്‍ താന്‍ വിശ്വസിക്കുന്നില്ല. വാഹനത്തിന് നമ്പര്‍ നല്‍കുന്നത് ആര്‍ടിഒ ആണ്. ഏത് നമ്പര്‍ കിട്ടിയാലും അത് ഭാഗ്യനമ്പറാണെന്നാണ് തന്റെ വിശ്വാസം. തനിക്ക് ഇത്തരം അന്ധവിശ്വാസങ്ങള്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

2003-ല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി അജിത് ജോഗിയെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയ രമണ്‍ സിങ് മുഖ്യമന്ത്രി പദത്തില്‍ ഇത് മൂന്നാം തവണയാണ്. അടുത്ത വര്‍ഷമാണ് ഛത്തീസ്ഗഡില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.