ദന്തേവാഡ: മാവോവാദികള്‍ക്ക് ട്രാക്ടറുകള്‍ കൈമാറിയ സംഭവത്തില്‍ ഛത്തീസ്ഗഢില്‍ ബിജെപി നേതാവ് അറസ്റ്റിലായി. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ജഗത് പുജാരി, രമേശ് ഉസേന്‍ഡി എന്നിവരെയാണ് ഛത്തീസ്ഗഢ് പോലീസ് പിടികൂടിയത്. 

പത്ത് വര്‍ഷത്തോളമായി മാവോവാദികള്‍ക്ക് വേണ്ട സാധനങ്ങളും മറ്റു ഉപകരണങ്ങളും എത്തിക്കുന്നതില്‍ പുജാരിക്ക് പങ്കുണ്ടെന്ന്‌ പോലീസ് അറിയിച്ചു.

അഭുജമദ് മേഖലയില്‍ മാവോവാദികള്‍ക്ക് സാധനങ്ങള്‍ കൈമാറുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പുജാരി നിരീക്ഷണത്തിലായിരുന്നു. മാവോവാദി നേതാവ് അജയ് അലാമിക്ക് വേണ്ടി ട്രാക്ടര്‍ വാങ്ങുന്നതിനിടെ പിടിയിലാകുകയായിരുന്നു. 9,10,000 രൂപയുടെ ട്രാക്ടറും പിടിച്ചെടുത്തിട്ടുണ്ട്. 

അലാമിയടക്കമുള്ള മാവോവാദി നേതാക്കളുമായി പുജാരി കഴിഞ്ഞ കുറച്ചു മാസങ്ങളായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ചില മാവോവാദികളുമായി ഇയാള്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്.

അറസ്റ്റിലായവരെ ചോദ്യം ചെയ്തതില്‍ നിന്ന് മറ്റു പദ്ധതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ മറ്റു ചില അറസ്റ്റുകളും ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

Content Highlights: Chhattisgarh BJP leader among two arrested for supplying tractor, goods to Maoists