റായ്പുര്‍: ലോക്ഡൗണ്‍ കാലത്ത് മദ്യത്തിന്റെ ഓണ്‍ലൈന്‍ ബുക്കിങ്ങിനും വിതരണത്തിനും അനുമതി നല്‍കി ഛത്തീസ്ഗഢ് സര്‍ക്കാര്‍. ആവശ്യക്കാര്‍ക്ക് മദ്യം ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ഇത് വീടുകളില്‍ എത്തിക്കുന്നതാണ് സംവിധാനം. 

സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. സര്‍ക്കാര്‍ തീരുമാനം അനുചിതവും നിരുത്തരവാദപരവുമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. കോവിഡിനെ നേരിടാനായി മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും ഓക്‌സിജനും വാക്‌സിനും ദൗര്‍ലഭ്യം നേരിടുന്ന കാലത്ത് അത് പരിഹരിക്കുന്നതിന് പകരം അനാവശ്യ കാര്യങ്ങളിലാണ് സര്‍ക്കാരിന് ശ്രദ്ധയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. 

അതേസമയം, സര്‍ക്കാര്‍ തീരുമാനത്തിലൂടെ കരിഞ്ചന്തയിലൂടെയുള്ള മദ്യവില്‍പന ഒഴിവാക്കാനാവുമെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. മദ്യം നിയമവിരുദ്ധമായി ഉത്പാദിപ്പിക്കുന്നതും വില്‍പ്പന നടത്തുന്നതും തടയാന്‍ ഇതിലൂടെ സാധിക്കുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. 

മെയ് 10 മുതലാണ് മദ്യത്തിന്റെ ഹോം ഡെലിവറി ആരംഭിക്കുക. രാവിലെ 9 മുതല്‍ രാത്രി 8 വരെയാണ് ഹോം ഡെലിവറി സംവിധാനം. ഒരാള്‍ക്ക് അഞ്ച് ലിറ്റര്‍ വരെയാണ് ബുക്ക് ചെയ്യാവുന്നത്. മദ്യത്തിന്റെ തുകയ്ക്ക് പുറമേ ഡെലിവറി ചാര്‍ജ് ആയി 100 രൂപയും നല്‍കണം. മദ്യശാലകളുടെ 15 കി.മീ ചുറ്റളവില്‍ മാത്രമാവും ഡെലിവറി ലഭിക്കുക.

Content Highlights: Chhattisgarh begins online booking and home delivery of liquor amid criticism