ന്യൂഡല്‍ഹി: ഭാരത് ബോയോടെക്കിന്റെ കോവിഡ് വാക്സിനായ കോവാക്സിനിൽ ആശങ്ക പ്രകടിപ്പിച്ച ഛത്തീസ്ഗഢ് ആരോഗ്യമന്ത്രി ടി.എസ് സിങ് ദേബിന് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ വർധൻ. 

കോവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയായിട്ടില്ല, കാലാവധി തീരുന്ന തീയതി വാക്‌സിന്‍ കുപ്പികളില്‍ രേഖപ്പെടുത്തിയിട്ടില്ല തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടികാട്ടിയാണ് ടി.എസ് സിങ് ദേബ് വാക്‌സിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചത്.  ആശങ്ക പരിഹരിക്കപ്പെടുന്നത് വരെ ചത്തീസ്ഗഢില്‍ കോവാക്‌സിന്‍ വിതരണം നിര്‍ത്തിവയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു. 

ഇതിന് മറുപടി നല്‍കികൊണ്ട് ഹര്‍ഷവര്‍ധന്‍ എഴുതിയ കത്തില്‍  പ്രതിരോധ കുത്തിവയ്പ്പില്‍ സംസ്ഥാനം പിന്നിലാണെന്നും ഇതില്‍ കേന്ദ്രത്തിന് ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. 

സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന എല്ലാ വാക്‌സിനുകളും സുരക്ഷിതവും രോഗപ്രതിരോധശേഷിയുമാണെന്നും അതിനാല്‍ തന്നെ അവയുടെ ഉപയോഗം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ഡോ.ഹര്‍ഷവര്‍ധന്‍ ആവശ്യപ്പെട്ടു.

കോവാക്‌സിന്റെ  ഉപയോഗ കാലാവധി വ്യക്തമാക്കിയിട്ടില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് വാക്‌സിന്‍ കുപ്പിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട്  മന്ത്രി വ്യക്തമാക്കി.   മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാക്കുന്നതിന് മുമ്പാണ് കോവാക്‌സിന്‍ വിതരണത്തിന് അംഗീകാരം നല്‍കിയത്. അതിനാല്‍ വാക്‌സിന്‍ നല്‍കിയ ശേഷം സ്വീകര്‍ത്താക്കളെ നിരീക്ഷിച്ച് വരികയാണ്.

Content Highlight: Chhattisgarh asks Centre to 'halt the supply of Covaxin