അണ്ണാമേൽപ്പാലം (ഫയൽ ചിത്രം) | Photo: R Senthil Kumar/ PTI
ചെന്നൈ: ചെന്നൈ മഹാനഗരത്തിന്റെ ഹൃദയഭാഗത്തുള്ള അണ്ണാ മേല്‍പ്പാലം 50 വയസ്സിന്റെ നിറവില്‍. ചെന്നൈയിലെ ആദ്യത്തെയും ഇന്ത്യയിലെ മൂന്നാമത്തെയും മേല്‍പ്പാലമാണ്. ജെമിനി മേല്‍പ്പാലം എന്ന പേരിലും അറിയപ്പെടുന്നു. 1973-ലാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. മണിക്കൂറില്‍ ഇരുപതിനായിരത്തിലധികം വാഹനങ്ങള്‍ ഇതിലൂടെ കടന്നുപോകുന്നു. 1971-ല്‍ മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയാണ് അണ്ണാ മേല്‍പ്പാല നിര്‍മാണത്തിന് ശിലാസ്ഥാപനം നിര്‍വഹിച്ചത്. 70 ലക്ഷം രൂപയായിരുന്നു നിര്‍മാണച്ചെലവ്.
250 അടി നീളവും 48 അടി വീതിയുമുള്ള മേല്‍പ്പാലം 1973 ജൂലായ് ഒന്നിന് ഗതാഗതത്തിനായി തുറന്നുകൊടുത്തു. മുന്‍ മുഖ്യമന്ത്രി അണ്ണാദുരൈയോടുള്ള ബഹുമാനാര്‍ഥമാണ് അണ്ണാ മേല്‍പ്പാലം എന്നു പേരുനല്‍കിയത്. ചെന്നൈയിലെ ഗതാഗതക്കുരുക്കഴിക്കാന്‍ തുടക്കത്തില്‍ ഈ പാലം വഹിച്ച പങ്ക് വലുതാണ്. കത്തീഡ്രല്‍ റോഡ്, അണ്ണാശാലൈ, നുങ്കമ്പാക്കം ഹൈറോഡ് എന്നിവിടങ്ങളില്‍നിന്നും പാലത്തിലേക്ക് പ്രവേശിക്കാം.
പല സിനിമകളിലുംകൂടി ഈ മേല്‍പ്പാലം ഇടംപിടിച്ചു. ഡി.എം.കെ. സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം പാലം നവീകരിക്കാനുള്ള പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്. ഒമ്പതുകോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. അണ്ണാദുരൈയുടെ പ്രസിദ്ധമായ ഉദ്ധരണികളും 32 പിച്ചള ശിലാഫലകങ്ങളും ആറടി ഉയരത്തില്‍ സിംഹ പ്രതിമകളും കല്‍ത്തൂണുകളുമൊക്കെ ഉള്‍പ്പെടുത്തിയാണ് നവീകരണം.
പാലത്തോട് ചേര്‍ന്ന് സെമ്മൊഴി പൂങ്കയുടെ ഭാഗത്തുള്ള കളിസ്ഥലം നവീകരിക്കുകയും തമിഴ് അക്ഷരങ്ങളിലുള്ള കൊത്തുപണികള്‍ സ്ഥാപിക്കുകയുംചെയ്യും. നിലവില്‍ പാര്ക്കിന് അകത്തുള്ള പെരിയാര്‍ പ്രതിമ അഞ്ചടി ഉയര്‍ത്തും. സംസ്ഥാന ഹൈവേ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..