ചെന്നൈ: കോവിഷീല്‍ഡ് വാക്‌സിന്റെ നിര്‍മാണവും വിതരണവും ഉടന്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കാളിയായ ചെന്നൈ സ്വദേശി രംഗത്ത്. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി, ആസ്ട്രസെനക്ക എന്നിവ പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് വികസിപ്പിക്കുന്ന വാക്‌സിനാണ് കോവിഷീല്‍ഡ്. കോവിഡ് വാക്‌സിന് അടിയന്തര അനുമതി ആവശ്യപ്പെട്ട് അധികൃതരെ സമീപിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനെവാല പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് കോവിഷീല്‍ഡ് വാക്‌സിനുമായി ബന്ധപ്പെട്ട വിവാദം.
കോവിഡ് വാക്‌സിന്‍ എടുത്തതിനെത്തുടര്‍ന്ന് നാഡീവ്യൂഹവുമായി ബന്ധപ്പെട്ടതും മനശാസ്ത്രപരവുമായ പ്രശ്‌നങ്ങള്‍ ഉണ്ടായെന്നാണ് പരീക്ഷണത്തില്‍ പങ്കാളിയായ 40 വയസുള്ള ചെന്നൈ സ്വദേശിയായ ബിസിനസ് കണ്‍സള്‍ട്ടന്റ് പറയുന്നത്. ഈ സാഹചര്യത്തില്‍ അഞ്ച് കോടിരൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടു വച്ചിട്ടുണ്ട്. ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് എന്ന സ്ഥാപനത്തില്‍നിന്ന് ഒക്ടോബര്‍ ഒന്നിന് കോവിഡ് വാക്‌സിനെടുത്ത യുവാവാണ് പരാതിക്കാരന്‍.
യുവാവിന് ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ നേരിട്ടത് പരീക്ഷണ ഘട്ടത്തിലുള്ള കോവിഡ് വാക്‌സിന്‍ എടുത്തതിന്റെ ഫലമായാണോ എന്നകാര്യം ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിജിസിഐ) യും ഇന്‍സ്റ്റിറ്റിയൂഷണല്‍ എത്തിക്‌സ് കമ്മിറ്റിയും പരിശോധിച്ചു വരികയാണ്. പരീക്ഷണത്തില്‍ പങ്കെടുത്ത വോളന്റിയറുടെ നിര്‍ദ്ദേശ പ്രകാരം ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍, ഡിജിസിഐ, സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ എന്നിവയ്ക്ക് അഭിഭാഷക സ്ഥാപനം നോട്ടീസ് അയച്ചിട്ടുണ്ട്. ആസ്ട്രസെനക്ക സിഇഒ, പ്രൊഫസര്‍ ആന്‍ഡ്രൂ പൊള്ളാഡ്, ഓക്‌സ്ഫഡ് വാക്‌സിന്‍ പരീക്ഷണത്തിന്റെ ചീഫ് ഇന്‍വെസ്റ്റിഗേറ്റര്‍, ശ്രീ രാമചന്ദ്രാ ഹയര്‍ എഡ്യൂട്ടേഷന്‍ ആന്‍ഡ് റിസര്‍ച്ച് എന്ന സ്ഥാപനത്തിന്റെ വൈസ് ചാന്‍സ്‌ലര്‍ എന്നിവര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
നിലവില്‍ തന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നാണ് പരീക്ഷണത്തില്‍ പങ്കാളിയായ ചെന്നൈ സ്വദേശി പറയുന്നത്. ദീര്‍ഘകാലം ചികിത്സ നടത്തേണ്ടി വരുമോ എന്ന ആശങ്കയുണ്ട്. ആരോഗ്യത്തെക്കുറിച്ചും അനിശ്ചിതമായ ഭാവിയെക്കുറിച്ചുമുള്ള കടുത്ത ആശങ്കയിലാണ് ഇപ്പോള്‍ കഴിയുന്നത്. അതിനാല്‍ വക്കീൽ നോട്ടീസ് ലഭിച്ച് രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാര തുകയായ അഞ്ച് കോടിരൂപ നല്‍കണമെന്നാണ് ആവശ്യം.
കോവിഷീല്‍ഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി അധികൃതരെ സമീപിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനവാല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വാക്‌സിന്റെ കാര്യക്ഷമത വീണ്ടും ഉറപ്പാക്കുന്നതിനുവേണ്ടി ആഗോള തലത്തിലുള്ള പരീക്ഷണം വീണ്ടും വിപുലപ്പെടുത്തുമെന്ന് ആസ്ട്രസെനക സിഇഒയും അടുത്തിടെ പറഞ്ഞിരുന്നു. ചെന്നൈ സ്വദേശിയുടെ ആരോപണത്തെപ്പറ്റി തിടുക്കപ്പെട്ട് ഒരു നിഗമനത്തില്‍ എത്തുന്നതും അന്വേഷണം നടത്തുന്നതും ശരിയാവില്ലെന്ന് ഐസിഎംആറിന്റെ എപ്പിഡമോളജി ആന്‍ഡ് കമ്യൂണിക്കബിള്‍ ഡിസീസസ് (ഇസിഡി) ഡിവിഷന്‍ തലവന്‍ സമീരന്‍ പാണ്ഡ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞിരുന്നു. പരീക്ഷണ ഘട്ടത്തിലുള്ള കോവിഡ് വാക്‌സിന്‍ ഏതെങ്കിലും തരത്തിലുള്ള വിപരീത ഫലമുണ്ടാക്കിയോ എന്നതിനെപ്പറ്റി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയും ഇന്‍സ്റ്റിറ്റിയൂഷണല്‍ എത്തിക്‌സ് കമ്മിറ്റിയും അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. അമേരിക്കയിലുള്ള ഒരു വോളന്റിയര്‍ക്ക് നട്ടെല്ല് സംബന്ധമായ ചില പ്രശ്‌നങ്ങളുടെ സൂചന ശ്രദ്ധയില്‍പ്പെട്ടതോടെ പരീക്ഷണം താത്കാലികമായി നിര്‍ത്തിവെക്കാന്‍ ആസ്ട്ര സെനിക്ക തീരുമാനിച്ചതോടെ ആയിരുന്നു ഇത്. എന്നാല്‍ പരീക്ഷണം തുടരാനുള്ള അനുമതി സെപ്റ്റംബര്‍ 15 ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ലഭിച്ചിരുന്നു.
Content Highlights: Chennai man seeks five crore as damages after taking part in Oxford COVID vaccine trial