ചെന്നൈ: ചന്ദ്രോപരിതലത്തില്‍ ദിശ മാറി പതിച്ച വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ നാസയെ സഹായിച്ചത് ചെന്നൈക്കാരനായ എന്‍ജിനീയര്‍ ഷണ്‍മുഖ സുബ്രഹ്മണ്യന്‍. നാസശാസ്ത്രജ്ഞരാണ് ലാൻഡർ കണ്ടെത്താൻ തങ്ങളെ സഹായിച്ചത് ഇന്ത്യക്കാരനായ ഷൺമുഖയാണെന്ന വെളിപ്പെടുത്തൽ നടത്തിയത്. 

സെപ്റ്റംബര്‍ 7നാണ് ലാന്‍ഡിങ്ങിനിടെ ലാന്‍ഡറുമായുള്ള ആശയവിനിമയം ഐഎസ്ആർഒയ്ക്ക് നഷ്ടമാകുന്നത്. പിന്നീട് ലാന്‍ഡറിനെ കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല. എന്നാൽ ലാൻഡറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ വിവരം ചെവ്വാഴ്ചയാണ് നാസ പുറത്ത വിട്ടത്. ലാന്‍ഡറിന്റെ അവശിഷ്ടങ്ങളുടെയും ലാന്‍ഡര്‍ പതിക്കുമ്പോള്‍ ചന്ദ്രോപരിതലത്തിലെ മണ്ണിനുണ്ടായ വ്യത്യാസങ്ങളും പഠനവിധേയമാക്കിയുള്ള ചിത്രങ്ങളാണ് നാസ പുറത്ത് വിട്ടിരിക്കുന്നത്. 

നാസയുടെ എല്‍ആര്‍ ഒര്‍ബിറ്റര്‍ കാമറയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ശാസ്ത്രജ്ഞനായ ഷണ്‍മുഖ സുബ്രഹ്മണ്യന്‍ ലാന്‍ഡര്‍ പതിക്കുന്നതിന് മുമ്പും ശേഷവുമുള്ള ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങള്‍ പഠനവിധേയമാക്കിയാണ് നിഗമനത്തിലെത്തിയതെന്നും നാസ പറയുന്നു.

vikram lander images by NASA

ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ ആദ്യം കണ്ടെത്തിയത്‌ ചിത്രങ്ങള്‍ താരതമ്യം ചെയ്താണ്‌. ലാന്‍ഡര്‍ ഇടിച്ചിറങ്ങിയതിന്റെ 750 മീറ്റര്‍ വടക്കു പടിഞ്ഞാറു ഭാഗത്തു നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത് എന്നാണ് നാസയുടെ പ്രസ്താവനയില്‍ പറയുന്നത്.

ലാന്‍ഡര്‍ ഇടിച്ചിറങ്ങുന്നതിനു മുമ്പും ശേഷവുവുമുള്ള മൊസൈക്ക് ഇമേജുകള്‍ ട്വിറ്ററില്‍ പങ്കുവെച്ച് കൊണ്ട് അത് താരതമ്യം ചെയ്ത് വിശകലനം നടത്താനായി പൊതുജനങ്ങളോട് നാസ ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംറംബര്‍ 26നാണ് അത്തരമൊരു കുറിപ്പ് നാസയിട്ടത്. തുടർന്നാണ് ഷൺമുഖ അത്തരമൊരു ഉദ്യമത്തിന് മുതിർന്നത്.

ലാന്‍ഡറിനെ കണ്ടെത്താന്‍ നാസയ്ക്കു പോലും കഴിയാത്തതാണ് തന്നില്‍ ആകാംക്ഷയുണ്ടാക്കിയതെന്നാണ് ഷണ്‍മുഖ പറയുന്നത്.

'രണ്ട് ചിത്രങ്ങളും ലാപ്‌ടോപ്പില്‍ നോക്കി ഞാന്‍ താരതമ്യം ചെയ്തു. ഒരുവശത്ത് പഴയ ചിത്രവും മറുവശത്ത് പുതിയ ചിത്രവും വെച്ചായിരുന്നു താരതമ്യം.അതിന് ട്വിറ്ററിലെയും റെഡ്ഡിറ്റിലെയും മറ്റ് സുഹൃത്തുക്കളും സഹായിച്ചു', ഷണ്‍മുഖ പറയുന്നു.

ബുദ്ധിമുട്ടായിരുന്നെങ്കിലും താന്‍ നന്നായി പരിശ്രമിച്ചിരുന്നു. നന്നായി കഠിനാധ്വാനം ചെയ്തു. സ്‌പെസ് സയന്‍സില്‍ തനിക്ക് പണ്ടേ താതപര്യമായിരുന്നുവെന്നും ഷണ്‍മുഖ പറഞ്ഞു.

സുബ്രഹ്മണ്യന്റെ നിഗമനങ്ങളാണ് ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ സഹായിച്ചതെന്ന് നാസ ശാസ്ത്രജ്ഞനായ നോഹ പെട്രോ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.

ചിത്രത്തിന്റെ ഓരോ പിക്സലും പഠനവിധേയമാക്കിയാണ് നാസയ്ക്കു പോലും കണ്ടെത്താന്‍ കഴിയാത്ത നിഗമനങ്ങള്‍ ഷണ്‍മുഖ നടത്തിയതെന്നും പെട്രോ പറഞ്ഞു.

content highlights: Chennai engineer Shanmukha helped NASA to find the vikram Lander