പ്രതീകാത്മകചിത്രം | Photo : AFP
ചെന്നൈ: ആര്‍ടി-പിസിആര്‍ അടിസ്ഥാനമാക്കി മങ്കിപോക്‌സിനിടയാക്കുന്ന വൈറസിനെ കണ്ടെത്താന്‍ സഹായിക്കുന്ന പരിശോധനാകിറ്റ് വികസിപ്പിച്ചതായി ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി. ഈ പരിശോധനയിലൂടെ ഒരുമണിക്കൂറിനുള്ളില്‍ ഫലം ലഭിക്കുമെന്ന് ട്രിവിട്രോണ്‍ ഹെല്‍ത്ത്‌കെയര്‍ എന്ന കമ്പനി വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു. കമ്പനിയുടെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ടീമാണ് കിറ്റ് വികസിപ്പിച്ചത്.
വണ്‍ ട്യൂബ് സിംഗിള്‍ റിയാക്ഷന്‍ സംവിധാനത്തിലൂടെ വൈറസ് സാന്നിധ്യം തിരിച്ചറിയാന്‍ സഹായിക്കുന്നതാണ് പുതിയതായി വികസിപ്പിച്ചെടുത്ത കിറ്റ് എന്ന് കമ്പനി വ്യക്തമാക്കി. വസൂരി വൈറസിനേയും മങ്കിപോക്‌സ് വൈറസിനേയും വെവ്വേറെ തിരിച്ചറിയാന്‍ സാധിക്കും എന്നതാണ് കിറ്റിന്റെ പ്രത്യേകത.
സ്വാബ് ഉപയോഗിച്ചാണ് പരിശോധന. മങ്കിപോക്‌സ് ബാധ മൂലം ശരീരത്തിലുണ്ടാകുന്ന കുമിളകളില്‍ നിന്നുള്ള സ്രവമോ കുമിളകള്‍ക്ക് മേല്‍ ഉണ്ടാകുന്ന പൊറ്റയോ രോഗബാധ നിര്‍ണയത്തിനായി ഉപയോഗപ്പെടുത്താമെന്ന് ലോകാരോഗ്യസംഘടന (WHO)ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ഇരുപത് രാജ്യങ്ങളിലായി ഇരുനൂറിലധികം മങ്കിപോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സാമൂഹികവ്യാപനത്തിനുള്ള സാധ്യതയുണ്ടെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പുണ്ട്. രോഗികളുടെ എണ്ണം വര്‍ധിച്ചേക്കാമെന്ന് സംഘടനയുടെ എമര്‍ജന്‍സി ഡിസീസസ് യൂണിറ്റ് മേധാവി മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു.
Content Highlights: Monkeypox, Monkeypox Virus, Trivitron Healthcare company, RT-PCR kit
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..