ന്യുഡല്‍ഹി: നിയമമന്ത്രി കിരണ്‍ റിജിജു വേദിയിലിരിക്കെ രാജ്യത്തെ കോടതികളിലെ അടിസ്ഥാനസൗകര്യങ്ങളെ സംബന്ധിച്ച ആശങ്കകള്‍ ഉന്നയിച്ച് ചീഫ് ജസ്റ്റിസ് എന്‍.വി രമണ. ദേശീയ ജുഡീഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ അതോറിറ്റി രൂപീകരിക്കാനുള്ള നിര്‍ദ്ദേശം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പരിഗണിക്കുമെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം വേദിയില്‍വെച്ച് നിയമമന്ത്രിയോട് ആവശ്യപ്പെട്ടു.

'ഇന്ത്യന്‍ കോടതികളിലെ അടിസ്ഥാനസൗകര്യങ്ങളെപ്പറ്റി ആരും ചിന്തിക്കാറില്ല. ഈ ചിന്താഗതി കാരണമാണ് ഇന്ത്യയിലെ മിക്ക കോടതികളും ഇപ്പോഴും ജീര്‍ണിച്ച കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. കോടതിയുടെ ഫലപ്രദമായ പ്രവര്‍ത്തനത്തിന് ഇത് കാര്യമായ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്,' - ചീഫ് ജസ്റ്റിസ് പറഞ്ഞു. ഔറംഗബാദില്‍ നടന്ന ചടങ്ങില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും പങ്കെടുത്തിരുന്നു.

ഇന്ത്യയില്‍ ആകെ 5 ശതമാനം കോടതി സമുച്ചയങ്ങളില്‍ മാത്രമാണ് അടിസ്ഥാന വൈദ്യസഹായം ലഭ്യമായിട്ടുള്ളത്. 26 ശതമാനം കോടതികളിലും സ്ത്രീകള്‍ക്ക് പ്രത്യേക ശൗചാലയങ്ങള്‍ ഇല്ല. 16 ശതമാനം കോടതികളില്‍ പുരുഷന്മാര്‍ക്ക് പോലും ടോയ്ലറ്റുകള്‍ ഇല്ലാത്ത അവസ്ഥയാണ് - എന്‍.വി രമണ ചൂണ്ടിക്കാട്ടി. കോടതി സമുച്ചയങ്ങളില്‍ ഏതാണ്ട് 50 ശതമാനത്തോളം സ്ഥലങ്ങളില്‍ ലൈബ്രറി സൗകര്യമില്ല. 46 ശതമാനം കോടതി സമുച്ചയങ്ങളിലും വെള്ളം ശുദ്ധീകരിക്കാനുള്ള സൗകര്യം പോലുമില്ലെന്ന് വ്യക്തമായ കണക്കുകള്‍ നിരത്തി ചീഫ് ജസ്റ്റിസ് എന്‍വി രമണ നിയമമന്ത്രി കിരണ്‍ റിജിജുവിനെ വേദിയിലിരുത്തിക്കൊണ്ടു തന്നെ പറഞ്ഞു.

കോടതികളുടെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് ചില പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍ താന്‍ കേന്ദ്ര നിയമമന്ത്രിക്ക് അയച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ അനുകൂലമായ പ്രതികരണം പ്രതീക്ഷിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് പ്രതീക്ഷ പ്രകടിപ്പിച്ചു. കേന്ദ്ര നിയമമന്ത്രി ഇതുസംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോടതികള്‍ യഥാസമയം നീതി നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍, രാജ്യത്തിന് വാര്‍ഷിക ജിഡിപിയുടെ 9 ശതമാനം വരെ നഷ്ടമാകുമെന്ന് 2018-ല്‍ പ്രസിദ്ധീകരിച്ച ഒരു അന്താരാഷ്ട്ര ഗവേഷണ പഠനത്തെ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. കോടതികള്‍ക്ക് മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Content Highlights: Cheif Justice explained the infrastructure issues in judiciary with law minister on stage