റായ്പുര്‍: ഛത്തീസ്ഗഢില്‍ ഏഴു പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷം പെണ്‍കുട്ടിയുടെ പിതാവ് ആത്മഹത്യാശ്രമം നടത്തിയതോടെയാണ് ലോക്കല്‍ പോലീസ് കേസെടുക്കാന്‍ തയ്യാറായത്. ഛത്തീസ്ഗഢിലെ കോണ്ടഗാവ് ജില്ലയിലാണ് സംഭവം. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
'16-17 വയസുള്ള പെണ്‍കുട്ടി സമീപത്തെ ഗ്രാമത്തില്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. മദ്യപിച്ചെത്തിയ രണ്ടുപേര്‍ പെണ്‍കുട്ടിയെ അടുത്തുള്ള വനത്തിലേക്ക് കൊണ്ടുപോകുകയും അവിടെ അഞ്ചുപേര്‍കൂടി ഇവര്‍ക്കൊപ്പം ചേര്‍ന്നു. ഇവര്‍ ചേര്‍ന്ന് മണിക്കൂറുകളോളം പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി' ബസ്തര്‍ റേജ് ഐ.ജി പി.സുന്ദരരാജ് പറഞ്ഞു.
ഇക്കാര്യം പുറത്ത് ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി ഒരു സുഹൃത്തിനോട് പറഞ്ഞിരുന്നു. എന്നാല്‍ വീട്ടുകാരോട് പീഡന കാര്യം പറഞ്ഞിരുന്നുമില്ല. ജൂലായ് 20-ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.
ആത്മഹത്യയെക്കുറിച്ച് പോലീസ് അന്വേഷിച്ചിരുന്നതായും എന്തെങ്കിലും കാരണങ്ങളുണ്ടെങ്കില്‍ വിവരം അറിയിക്കാന്‍ കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നതായും ഐജി വിശദീകരിച്ചു. ദിവസങ്ങള്‍ക്ക് ശേഷമാണ് സുഹൃത്ത് വീട്ടുകാരോട് ബലാത്സംഗത്തിനിരയായ കാര്യം പറയുന്നത്.
ഇതുകേട്ട് വീട്ടുകാര്‍ തകര്‍ന്നു. പെണ്‍കുട്ടി അതിനകം ജീവനൊടുക്കിയതിനാല്‍ ഇനി പോലീസിനെ സമീപിച്ചാല്‍ കേസ് തുടരാനാകുമോ എന്നതടക്കമുള്ള നിയമ കാര്യങ്ങളില്‍ കുടുംബം അജ്ഞരായിരുന്നു. വിവരം അറിഞ്ഞ ആഘാതത്തിലും അതുണ്ടാക്കിയ വ്യഥക്കിടയില്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ പിതാവ് കീടനാശിനി കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.
ഇത് സംബന്ധിച്ച അന്വേഷണത്തിലാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായ കാര്യം അറിയുന്നതെന്നാണ് പോലീസ് പറയുന്നത്.
പെണ്‍കുട്ടിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായി പുറത്തെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ നിഷ്‌ക്രിയത്വം കാണിച്ച ലോക്കല്‍ പോലീസിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷന്‍ കോണ്ടഗാവ് എസ്പിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..