ഛത്തീസ്ഗഡ്: യാത്ര സൗകര്യങ്ങളില്ലാത്തതിനെ തുടര്‍ന്ന് ഛത്തീസ്ഗഢില്‍ ഗര്‍ഭിണിയായ യുവതിയെ ബന്ധുക്കള്‍ ചുമന്ന് ആശുപത്രിയിലെത്തിച്ചു. ഛത്തീസ്ഗഢിലെ സുര്‍ഗുജ കട്‌നായി എന്ന ഗ്രാമത്തിലാണ് സംഭവം. യുവതി താമസിക്കുന്ന വീടിന് സമീപത്തെ പുഴ കടക്കാനുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ നാല് പേര്‍ ചേര്‍ന്ന് തണ്ടില്‍ കെട്ടിയ കൊട്ടയില്‍ ഇരുത്തിയാണ് യുവതിയെ പുഴ കടത്തിയത്. 

ബന്ധുക്കള്‍ ചേര്‍ന്ന് യുവതിയെ പുഴ കടത്തുന്നതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടിട്ടുണ്ട്. 

അതേസമയം ആംബുലന്‍സ് സൗകര്യത്തിനായി സമീപത്തെ ആശുപത്രിയിലേക്ക് വിളിച്ചെങ്കിലും റോഡ് ഇല്ലാത്തതിനാല്‍ ആംബുലന്‍സ് അയക്കാന്‍ സാധിക്കില്ലെന്നാണ് ആശുപത്രി അധികൃതര്‍ പ്രതികരിച്ചത്, പ്രദേശത്ത് റോഡ് സൗകര്യവും ഇല്ലെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. 

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ജില്ലാ കളക്ടര്‍ നടപടിയുമായി രംഗത്തെത്തിയിട്ടുണ്ട്. ജില്ലയിലെ ഇത്തരം ഉള്‍നാടന്‍ മേഖലകളില്‍ സഹായം എത്തിക്കാനായി ചെറിയ കാറുകള്‍ ഏര്‍പ്പാടാക്കുമെന്നും മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ സജ്ജീകരിക്കുമെന്നും കളക്ടര്‍ സജ്ഞയ് ഝാ പ്രതികരിച്ചു.