ന്യൂഡല്‍ഹി: ഛത്തീസ്ഗഢില്‍ നടന്ന ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചത് മാവോവാദി നേതാവിന്റെ സാന്നിധ്യം സംബന്ധിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് തിരച്ചിലിനിറങ്ങിയ സുരക്ഷാ സൈനികര്‍. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചിലിന് ഇറങ്ങിയ സുരക്ഷാ സൈനികരെ കാത്ത് ആയുധ ധാരികളായ മാവോവാദികളുടെ വന്‍ സംഘം നിലയുറപ്പിച്ചിരുന്നു. രഹസ്യ വിവരം കൈമാറിയവര്‍ സുരക്ഷാ സൈനികരെ കെണിയില്‍പ്പെടുത്തിയെന്നാണ് സംശയിക്കുന്നതെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടു ചെയ്തു.

സുക്മ - ബിജാപുര്‍ അതിര്‍ത്തിയില്‍ മാവോവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ 22 ജവാന്മാര്‍ വീരമൃത്യു വരിച്ച സംഭവത്തിന് പിന്നാലെയാണ് സുരക്ഷാ സൈനികരെ രഹസ്യ വിവരം കൈമാറി കെണിയില്‍ പെടുത്തുകയായിരുന്നുവെന്ന് സംശയിക്കുന്നതായുള്ള വെളിപ്പെടുത്തല്‍. ആയുധധാരികളായ മാവോവാദികളെ വളരെ അപ്രതീക്ഷിതമായി തൊട്ടടുത്തുനിന്നാണ് സുരക്ഷാ സൈനികര്‍ക്ക് നേരിടേണ്ടി വന്നത്.

ഏറ്റുമുട്ടല്‍ നാല് മണിക്കൂറോളം നീണ്ടുനിന്നു. വളരെ കൃത്യമായ രഹസ്യ വിവരത്തെ തുടര്‍ന്നാണ് സുരക്ഷാ സൈന്യം മാവോവാദി നേതാവിനുവേണ്ടി തിരച്ചിലിന് ഇറങ്ങിയതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. രഹസ്യ വിവരം ശരിയാണെന്ന് അനുമാനിക്കാന്‍ തക്കവിധമുള്ള തെളിവുകളും ലഭിച്ചിരുന്നു. എന്നാല്‍ ഏറ്റുമുട്ടല്‍ നടന്നതിനുശേഷം നടത്തിയ വിലയിരുത്തലില്‍ സുരക്ഷാ സൈന്യത്തിന് ലഭിച്ച രഹസ്യ വിവരം കെണിയില്‍ പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു എന്ന സംശയമാണ് ഉയര്‍ന്നിട്ടുള്ളത്.

മാവോവാദി നേതാവിന്റെ നീക്കങ്ങള്‍ സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ കഴിഞ്ഞ പത്ത് ദിവസമായി സുരക്ഷാ സൈന്യം ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തലയ്ക്ക് 25 ലക്ഷംരൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ള ഹിദ്മ എന്ന മാവോവാദി നേതാവിനുവേണ്ടി സുരക്ഷാ സൈന്യം തിരച്ചില്‍ തുടങ്ങിയത്.

22 സുരക്ഷാ സൈനികര്‍ വീരമൃത്യു വരിക്കാനിടയായ ഏറ്റുമുട്ടലില്‍ മാവോവാദികള്‍ക്കും കനത്ത ആള്‍നാശം സംഭവിച്ചിട്ടുണ്ട്. ഛത്തീസ്ഗഢില്‍ മാവോവാദി സാന്നിധ്യം വന്‍തോതിലുള്ള സുക്മ, ബിജാപുര്‍ ജില്ലകളുടെ അതിര്‍ത്തിയിലാണ് വെള്ളിയാഴ്ച രാത്രി ഏറ്റുമുട്ടല്‍ നടന്നത്. അതിനിടെ നിര്‍ജലീകരണവും പലരുടെയും മരണകാരണം ആയിട്ടുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ സൂചന നല്‍കി. കൊടുംചൂടുള്ള പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലില്‍ പരിക്കേറ്റ സഹപ്രവര്‍ത്തകര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ ജവാന്മാര്‍ക്ക് ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് അവരെ ചുമന്നുകൊണ്ട് പോകേണ്ടിവന്നു.

സുരക്ഷാസൈനികരെ മാവോവാദികള്‍ ആക്രമിച്ചത് തൊട്ടടുത്തുനിന്നാണ് എന്നതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. വീരമൃത്യു വരിച്ച ഒരു ഇന്‍സ്‌പെക്ടര്‍ക്ക് വെടിയേല്‍ക്കുന്നതിന് മുമ്പുതന്നെ കൈക്ക് വെട്ടേറ്റിരുന്നു. വെടിയുണ്ടകള്‍ തീര്‍ന്നതോടെ മാവോവാദികള്‍ അദ്ദേഹത്തെ വെട്ടി പരിക്കേല്‍പ്പിക്കുകയും പിന്നീട് വധിക്കുകയും ആയിരുന്നു എന്നാണ് വിവരം ലഭിച്ചിട്ടുള്ളത്.

കടപ്പാട് - IndiaToday

Content Highlights: Chattisgarh encounter; intel on Maoist leader was a trap - Sources