റായ്പുര്‍:  സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് കൈത്താങ്ങുമായി ചത്തീസ്ഗഢ് സര്‍ക്കാര്‍. ഭൂമിയില്ലാത്ത കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 6000 രൂപ സാമ്പത്തിക സഹായം നല്‍കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ബുധനാഴ്ച മുഖ്യമന്ത്രി ഭൂപേഷ് ബാഗേലാണ് ഈക്കാര്യം അറിയിച്ചത്.

2021-22 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ആദ്യ അനുബന്ധ ബഡ്ജറ്റിലേക്കുള്ള നിര്‍ദേശങ്ങള്‍ക്കുള്ള ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. 2485 കോടിയാണ് അനുബന്ധ ബഡ്ജറ്റിലേക്കായി നീക്കിവെച്ചത്.

60 മെട്രിക് ടണ്‍ അരി സംസ്ഥാനത്തു നിന്നും വാങ്ങാമെന്ന് പറഞ്ഞ കേന്ദ്രം വെറും 24 മെട്രിക് ടണ്‍ അരി മാത്രമാണ് സംസ്ഥാനത്തു നിന്നും വാങ്ങിയത്. ബാക്കിയുള്ള അരി ലേലത്തില്‍ കുറഞ്ഞ തുകയ്ക്ക് വില്‍ക്കുകയാണുണ്ടായത്. ഇത് കൂടാതെ വായ്പ എടുത്ത് പോലും കര്‍ഷകരെ സഹായിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് ആരോഗ്യമേഖയിലേക്കും തുകനീക്കിവച്ചിട്ടുണ്ട്. ഇതിന്റെ ആദ്യ ഘട്ടമെന്നോണം ദുര്‍ഗ് ജില്ലയിലെ ചന്ദുലാല്‍ ചന്ദ്രാകര്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാനും തീരുമാനമായി. 

ചത്തീസ്ഗഢ് ചന്ദുലാല്‍ ചന്ദ്രാകര്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജിനെ 2021 ബില്ലില്‍ പട്ടികപ്പെടുത്തിയിട്ടുണ്ടെങ്കിലും ബില്ലിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. 39 കോടിയാണ് മെഡിക്കല്‍ കോളേജിനായി മാറ്റി വെച്ചിരിക്കുന്നത്. 

ബില്ലാസ്പുരിലെ നഗോയ് ഗ്രാമത്തില്‍ 1500 തടവുക്കാരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള പ്രത്യേക ജയില്‍ പണിയാനായി 126 കോടി രൂപയും മാറ്റി വെച്ചിട്ടുണ്ട്. 

രാജീവ് ഗാന്ധി ഗ്രാമീണ്‍ ഭൂമിഹിന്‍ ക്യഷി മജ്ദൂര്‍ ന്യായ് യോജന പ്രകാരം ക്യഷിഭൂമി ഇല്ലാത്തവര്‍ക്കും ക്യഷി സംബന്ധമായ ജോലിയോ എം.ജി.എന്‍.ആര്‍.ഇ.ജി.എ ജോലി ഗ്രാമീണ മേഖലകളില്‍ ചെയ്യുന്നവര്‍ക്കോ ആയിരിക്കും ആറായിരം രൂപ പ്രതിവര്‍ഷം ലഭിക്കുക. 

കോവിഡിന്റെ ആദ്യ തരംഗത്തിലും രണ്ടാം തരംഗത്തിലും സര്‍ക്കാരിന് സൗകര്യങ്ങളില്‍ പരിമിതി ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ ആരോഗ്യ സംവിധാനങ്ങള്‍ ഉറപ്പാക്കാന്‍ 957 കോടി ആരോഗ്യവിഭാഗത്തില്‍ വിലയിരുത്തിയിട്ടുണ്ടെന്നും ഭൂപേഷ് ബാഗേല്‍ പറഞ്ഞു. 

സൗകര്യങ്ങളില്‍ പരിമിതി ഉണ്ടായിരുന്നെങ്കില്‍ പോലും രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ ക്ഷാമം മികച്ച രീതിയില്‍ നേരിടുവാന്‍ കഴിഞ്ഞവെന്നും മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ വിതരണം ചെയ്തു സഹായിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Content Highlights: chathisgarh goverment to give 6000 ruppee per year for landless families