ചണ്ഡിഗഢ്: ചരണ്‍ജിത്ത് സിങ് ചന്നി പഞ്ചാബ് മുഖ്യമന്ത്രിയായി ചുമതലയേറ്റു. കോണ്‍ഗ്രസ് നേതാക്കളായ സുഖ്ജിന്ദര്‍ എസ് രന്ദവ, ഓം പ്രകാശ് സോണി എന്നിവരും ഉപമുഖ്യമന്ത്രിമാരായി ചുമതലയേറ്റു. സത്യപ്രതിജ്ഞാ ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തു. അതേസമയം ചടങ്ങില്‍ നിന്ന് മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിങ് വിട്ടുനിന്നു.

വികാരഭരിതനായാണ് ചുമതലയേറ്റെടുത്തതിനു ശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളനത്തില്‍ ചന്നി സംസാരിച്ചത്. പാര്‍ട്ടിക്കാണ് പരമാധികാരം. പാര്‍ട്ടിയുടെ ആശയങ്ങള്‍ക്കനുസരിച്ചാവും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക. സാധാരണക്കാരനാണ് താന്‍. തന്നെ മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് തിരഞ്ഞെടുത്തു. മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വേണ്ടി പല നല്ലകാര്യങ്ങളും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ മുന്നോട്ടുകൊണ്ടുപോവും. പഞ്ചാബ് സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കും. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ഞങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ചന്നി പറഞ്ഞു. 

അമരീന്ദര്‍ സിങ് രാജിവെച്ചതിനു പിന്നാലെയാണ് സിദ്ദുവിന്റെ അടുപ്പക്കാരനായ ഛന്നിക്ക് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വഴിതെളിഞ്ഞത്. ദളിത്-സിഖ് നേതാവും അമരീന്ദര്‍ സിങ് മന്ത്രിസഭയിലെ സാങ്കേതിക-വിദ്യാഭ്യാസ മന്ത്രിയുമായിരുന്നു ചരണ്‍ജിത്ത് സിങ്. 

ചംകൗര്‍ സാഹിബ് മണ്ഡലത്തില്‍നിന്ന് മൂന്നു തവണ എം.എല്‍.എ.യായി തിരഞ്ഞെടുക്കപ്പെട്ട ചന്നി സംസ്ഥാനത്ത് നേതൃമാറ്റം ആവശ്യപ്പെട്ട എം.എല്‍.എ.മാരില്‍ ഒരാളാണ്. 2015 മുതല്‍ 16 വരെ പഞ്ചാബ് നിയമസഭയില്‍ പ്രതിപക്ഷ നേതാവുമായിരുന്നു