ചണ്ഡിഗഢ്: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായുള്ള കര്‍ഷക പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് പുതിയ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി. പാര്‍ട്ടിയാണ് ഏറ്റവും വലിയ അധികാര കേന്ദ്രമെന്നും മുഖ്യമന്ത്രിയും മന്ത്രിസഭയുമെല്ലാം അതിന്റെ കീഴിലാണെന്നും സത്യപ്രതിജ്ഞയ്ക്ക് ശേഷം നടത്തിയ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍  ചരണ്‍ജിത്ത് സിങ് ചന്നി പറഞ്ഞു. 

പാര്‍ട്ടിയുടെ ആദര്‍ശം അനുസരിച്ചായിരിക്കും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷ നയങ്ങള്‍ക്കെതിരെ ഒരു വര്‍ഷത്തോളമായി സമരം ചെയ്യുന്ന സംസ്ഥാനത്തെ കര്‍ഷകരെ സര്‍ക്കാര്‍ കൈവിടില്ലെന്നും ചരണ്‍ജിത്ത് സിങ് ചന്നി പറഞ്ഞു. കര്‍ഷകരുടെ ജല, വൈദ്യുതി കുടിശ്ശികകള്‍ സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. 

'ഞാനൊരു റിക്ഷ തൊഴിലാളിയായിരുന്നു. കര്‍ഷകരെ ദ്രോഹിക്കുന്ന ഒരു നടപടിയും എനിക്ക് അംഗീകരിക്കാനാവില്ല. കര്‍ഷക വിരുദ്ധമായ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ഞാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയാണ്. കര്‍ഷകരുടെ പോരാട്ടത്തിന് ഞാന്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നു'- ചരണ്‍ജിത്ത് സിങ് ചന്നി പറഞ്ഞു. 

മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങിനെ പുകഴ്ത്താനും ചന്നി മറന്നില്ല. അമരീന്ദര്‍ സിങ് പഞ്ചാബ് ജനതയ്ക്ക് വേണ്ടി വലിയ കാര്യങ്ങള്‍ ചെയ്തു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുതിയ സര്‍ക്കാര്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. 

അമരീന്ദര്‍ സിങ് രാജിവെച്ചതിനു പിന്നാലെയാണ് സിദ്ദുവിന്റെ അടുപ്പക്കാരനായ ഛന്നിക്ക് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വഴിതെളിഞ്ഞത്. ദളിത്-സിഖ് നേതാവും അമരീന്ദര്‍ സിങ് മന്ത്രിസഭയിലെ സാങ്കേതിക-വിദ്യാഭ്യാസ മന്ത്രിയുമായിരുന്നു ചരണ്‍ജിത്ത് സിങ്.

Content Highlights: Charanjit Singh Channi, new Punjab CM, reaches out to farmers, waives water and electricity bills