പനജി: വിളവ് വര്‍ധിപ്പിക്കാന്‍ കോസ്മിക് ഫാമിങ് എന്ന പുതിയ 'സാങ്കേതികവിദ്യ'കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തി ഗോവ സര്‍ക്കാര്‍. കൃഷിയിടത്തിലെത്തി വേദമന്ത്രങ്ങളുരുവിട്ടാൽ നല്ല വിളവ് ലഭിക്കുമെന്ന് വിശ്വസിക്കുന്ന രീതിയാണ് കോസ്മിക് ഫാമിങ്. 

ഒരു കർഷകൻ‌ ദിവസവും 20 മിനിട്ട് തന്റെ കൃഷിയിടത്തിലെത്തി വേദ മന്ത്രങ്ങൾ ഉരുവിടണം. ഇപ്രകാരം 20 ദിവസം തുടര്‍ച്ചയായി മന്ത്രം ചൊല്ലിയാല്‍ മികച്ച വിളവുണ്ടാകുമെന്നുമാണ് കോസ്മിക് ഫാമിങ് പ്രചാരകർ പറയുന്നത്.  ഈ രീതി അവലംബിക്കാനാണ് സംസ്ഥാന കൃഷി വകുപ്പ് കർഷകരെ ഉപദേശിക്കുന്നത്. 

മന്ത്രം ചൊല്ലുമ്പോൾ ഈ പ്രപഞ്ചത്തിലെ ഊർജം കൃഷിയിടത്തിലെത്തുമെന്നും ഇത് ചെടികളെ ശക്തമായി വളർത്തി കൂടുതൽ വിളവ് നൽകുമെന്നുമാണ് ഇവരുടെ കണക്കുകൂട്ടല്‍. മന്ത്രജപത്തിലൂടെ നെല്‍കൃഷിയുടെ  വിളവ് വര്‍ധിപ്പിക്കാമെന്ന് മന്ത്രി വിജയ് സര്‍ദേശായി മുമ്പൊരവസരത്തില്‍ കര്‍ഷകരെ ഉപദേശിച്ചിരുന്നു. 

കോസ്മിക് ഫാമിങ്ങിനെക്കുറിച്ച് ശിവ് യോഗ് ഫൗണ്ടേഷന്‍, ബ്രഹ്മകുമാരീസ് എന്നീ  പ്രസ്ഥാനങ്ങളുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് കൃഷിവകുപ്പിലെ ഉന്നതോദ്യോഗസ്ഥന്‍ അറിയിച്ചു. സംസ്ഥാന കൃഷി മന്ത്രി വിജയ് സര്‍ദേശായിയും വകുപ്പ് ഡയറക്ടര്‍ നെല്‍സണ്‍ ഫിഗറെഡോയും ശിവ് യോഗ് കൃഷിയുടെ പ്രചാരകനായ ഗുരു ശിവാനന്ദുമായി ചർച്ച നടത്തിയതായും മന്ത്രാലയം അറിയിച്ചു. 

കോസ്മിക് ഫാമിങ്ങിലൂടെ സംസ്ഥാനത്തെ കൃഷിയിടങ്ങളില്‍ പരിസ്ഥിതി സൗഹൃദ-ജൈവ കൃഷി വ്യാപിപിക്കാമെന്നും ഉത്പാദനം കൂട്ടാമെന്നും ഫിഗറെഡോ പറഞ്ഞു. ശിവ് യോഗ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കോസ്മിക് ഫാമിങ്ങിന്റെ പ്രാധാന്യത്തെ കുറിച്ച് കര്‍ഷകരോട് വിശദീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Content Highlights: Chant Vedic Mantra For Better Crop, Goa Government's Advice To Farmers, Vijay Sardesai