ചണ്ഡീഗഢ്: പഞ്ചാബ് സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി പി.സി.സി. അധ്യക്ഷന്‍ നവ്‌ജോത് സിങ് സിദ്ധു. ചരണ്‍ജിത് സിങ് ഛന്നിയുടെ സര്‍ക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്ന് സിദ്ധു കുറ്റപ്പെടുത്തി.
 
ബേഹ്ബല്‍ കലാന്‍ വെടിവെപ്പു കേസില്‍ മുന്‍ ഡി.ജി.പി. സുമേധ് സിങ് സൈനിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനെതിരെ സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ വൈകിയതാണ് സിദ്ധുവിനെ പ്രകോപിപ്പിച്ചത്.
 
2015-ലാണ് നടന്ന ബേഹ്ബല്‍ കലാന്‍ വെടിവെപ്പ് നടന്നത്. കേസില്‍ ഉള്‍പ്പെട്ടവരില്‍ പ്രധാനിയാണ് മുന്‍ ഡി.ജി.പി. സൈനി. ബേഹ്ബല്‍ കലാനുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍, പഞ്ചാബിന്റെ അഡ്വക്കേറ്റ് ജനറല്‍ എ.പി.എസ്. ഡിയോളിനെ, കഴിഞ്ഞദിവസം സിദ്ധു പരസ്യമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഛന്നി സര്‍ക്കാരിനെതിരെ അദ്ദേഹം രംഗത്തെത്തിയത്. 
 
പ്രത്യേകസമ്മേളനത്തിന്റെ ഒന്നാംദിവസം നിയമസഭയ്ക്കു പുറത്തുവെച്ചായിരുന്നു സിദ്ധുവിന്റെ വിമര്‍ശനം. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഛന്നി സര്‍ക്കാരിന് ഇല്ലെന്നും സൈനിക്കെതിരെ സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ സമര്‍പ്പിക്കാന്‍ വൈകുകയാണെന്നും സിദ്ധു പറഞ്ഞു. 
 
തത്വങ്ങളിലും ഉയര്‍ന്ന ധാര്‍മിക മൂല്യങ്ങളിലും നിലയുറപ്പിച്ചു നിന്നിട്ടുള്ളയാളാണ് താന്‍. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെ പുറത്താക്കിയതിന് പിന്നാലെ നിലപാട് മാറ്റിയവരുടെ കൂട്ടത്തിലല്ല താനുള്ളതെന്നും ഛന്നിയെ പരോക്ഷമായി വിമര്‍ശിച്ച് സിദ്ധു പറഞ്ഞു.
 
content highlights: channi government lacks political will criticises navjot sigh sidhu