ന്യൂ ഡല്‍ഹി: ഫിലിം സര്‍ട്ടിഫിക്കേഷനുള്ള ചട്ടങ്ങള്‍ ഉദാരമാക്കുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അരുണ്‍ ജെയ്റ്റിലി. സമൂലമായ മാറ്റങ്ങള്‍ വരുത്തി ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ നിയമാവലികള്‍ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. 

ബോളിവുഡ് ചിത്രം ഉട്താ പഞ്ചാബ് വിവാദം രൂക്ഷമായി സാഹചര്യത്തിലാണ് അരുണ്‍ ജെയ്റ്റിലിയുടെ പ്രഖ്യാപനം.

പഞ്ചാബിലെ ലഹരിമരുന്നുകള്‍ക്ക് അടിമപ്പെട്ട യുവാക്കളുടെ കഥ പറയുന്ന അനുരാഗ് കശ്യപ്  നിര്‍മ്മാണം നിര്‍വ്വഹിച്ച  ചിത്രമായ ഉട്താ പഞ്ചാബിലെ 89 രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത് കടുത്ത വിവാദങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. 

സെന്‍സര്‍ ബോര്‍ഡിന്റെ നടപടിക്കെതിരെ സിനിമാ നിര്‍മാതാക്കള്‍ ഫിലിം സര്‍ട്ടിഫിക്കറ്റ് അപ്പെലേറ്റ് (എഫ്‌സിഎടി) ട്രൈബ്യൂണലില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച വാദം എഫ്‌സിഎടി ജൂണ്‍ 17 ന് കേള്‍ക്കും.

ഉട്താ പഞ്ചാബിന്റ കാര്യത്തില്‍ സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടലുകളെക്കുറിച്ച് തനിക്ക് കാര്യമായ ധാരണയില്ല എന്ന് ജെയ്റ്റിലി പറയുന്നു. എന്നാല്‍ ഫിലിം സെര്‍ട്ടിഫിക്കേഷന്റെ നിലവിലെ വ്യവസ്ഥകളില്‍ താന്‍ സംതൃപ്തനല്ല എന്നും അത്‌കൊണ്ട് ചില മാറ്റങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം പറയുന്നു. ശ്യം ബെന്‍ഗാലിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ്‌ പുതിയ പരിഷ്‌കരണങ്ങള്‍ക്കായി പരിഗണിക്കുന്നതെന്നും ജെയ്റ്റലി കൂട്ടിച്ചേര്‍ത്തു.

ഉട്താ പഞ്ചാബ് റിലീസ് ചെയ്യണമെങ്കില്‍ പേരിലെ 'പഞ്ചാബ്' നീക്കണം, നഗരങ്ങളുടെ പേരുകളും ഇതുകൂടാതെ രാഷ്ട്രീയം തിരഞ്ഞെടുപ്പ് തുടങ്ങിയവ പരാമര്‍ശിക്കുന്ന ഭാഗങ്ങളും ഒഴിവാക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് സെന്‍സര്‍ ബോര്‍ഡ് മുന്നോട്ടുവച്ചത്. അകാലിദള്‍-ബിജെപി സഖ്യം ഭരിക്കുന്ന പഞ്ചാബില്‍ അടുത്ത വര്‍ഷത്തെ തിരഞ്ഞെടുപ്പു മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ നീക്കമാണിതെന്ന് അണിയറപ്രവര്‍ത്തകരുടെ ആരോപണം. സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പഹലാജ്‌ നിഹലാനി ബിജെപിക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും ആരോപിച്ചിരുന്നു.