പനജി: അസുഖ ബാധിതനായ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തേണ്ടത് അനിവാര്യമാണെന്ന് കേന്ദ്ര മന്ത്രി ശ്രീപദ് നായിക്. ഇന്നോ നാളെയോ തന്നെ മാറ്റണം. അസുഖം ഭേദമാകുന്നത് വരെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റിനിര്‍ത്തണമെന്നും കേന്ദ്ര ആയുഷ് വകുപ്പ് സഹ മന്ത്രിയായ ശ്രീപദ് നായിക് ആവശ്യപ്പെട്ടു.

പരീക്കറുടെ ആരോഗ്യ സ്ഥിതി വളരെ മോശമാണ്. ഈ നിലയിലും അദ്ദേഹം ജോലി ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. പരീക്കറെ നേതൃസ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തണമെന്ന് പരസ്യമായി ആവശ്യപ്പെടുന്ന ഗോവയിലെ ആദ്യ ബിജെപി നേതാവാണ് ശ്രീപദ് നായിക്. 

കഴിഞ്ഞ ദിവസങ്ങളില്‍ ബിജെപി നേതൃത്വത്തിനെ രൂക്ഷവിമര്‍ശനവുമായി പല നേതാക്കളും രംഗത്തെത്തിയിരുന്നെങ്കിലും പരീക്കറെ മാറ്റണമെന്ന് പരസ്യമായി പറഞ്ഞിരുന്നില്ല. പാന്‍ക്രിയാസ് കാന്‍സറിനെ തുടര്‍ന്ന് ഡല്‍ഹി എയിംസിലായിരുന്ന പരീക്കര്‍ നിലവില്‍ മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ വീട്ടില്‍ ചികിത്സയിലാണ്. 

പരീക്കറെ മാറ്റിയാല്‍ ഭരണം നഷ്ടപ്പെടുമെന്ന ഭയമാണ് ബിജെപിക്കെന്നാണ് പ്രതിപക്ഷ ആരോപണം.