ഗുജറാത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വലിയ ജനരോഷം ഉയര്‍ന്നിട്ടുണ്ടെന്ന് കഴിഞ്ഞ ആഴ്ച സംഘപരിവാരിലെ ഒരു മുതിര്‍ന്ന നേതാവുമായി സംസാരിച്ചപ്പോള്‍ പറഞ്ഞിരുന്നു. യുപിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ സന്തുഷ്ടരാണെന്നും സംഭാഷണ മധ്യേ അദ്ദേഹം പറഞ്ഞു. ആദ്യം പറഞ്ഞ വിവരത്തിന്റെ വ്യപ്തിയെ കുറിച്ച് ഇനി ആരെങ്കിലും ചോദിക്കുമെന്ന് കരുതുന്നില്ല. യോഗി ആദിത്യനാഥിനെ കുറിച്ച് പറഞ്ഞതില്‍ ഈ സമയത്ത് തര്‍ക്കിക്കാം. പക്ഷെ ബി.ജെ.പിയുടെ ഭാവി രാഷ്ട്രീയത്തെ നിശ്ചയിക്കാന്‍ പോകുന്നതില്‍ അത് നിര്‍ണ്ണായകമാകും.

'മോടി' നഷ്ടമായി മോദിയില്ലാത്ത ഗുജറാത്ത്

നരേന്ദ്ര മോദി തട്ടകമായ ഗുജറാത്ത് വിട്ടശേഷം ബി.ജെ.പിക്ക് സംസ്ഥാനത്ത് ഉറച്ച് നില്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. എഴു വര്‍ഷത്തിനിടെ ഗുജറാത്തില്‍ മൂന്ന് മുഖ്യമന്ത്രിമാര്‍ ഉണ്ടായി. മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായ ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ ബി.ജെ.പി. പതറിപ്പോയത് നമ്മള്‍ കണ്ടതാണ്.

മോദിയുടെ ദിവസങ്ങള്‍ നീണ്ടുനിന്ന ക്യാമ്പയിനിലൂടെ സര്‍വശക്തിയുമെടുത്ത് നടത്തിയ പോരാട്ടത്തിന് ഒടുവിലാണ് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞത്. അതിനാല്‍ അടുത്ത തിരഞ്ഞെടുപ്പിനെ നേരിടാന്‍ 14 മാസം ശേഷിക്കെ നടത്തിയ നേതൃമാറ്റം പലതും പറയുന്നുണ്ട്.

ഗുജറാത്ത് മോഡല്‍ പാളിയോ?

മോദിയെ മുനിര്‍നിര്‍ത്തി പ്രചരിപ്പിച്ച ഗുജറാത്ത് മോഡല്‍ ഇന്ന് ഗുജറാത്തില്‍ തന്നെ ചെലവാകുന്നില്ല. സംസ്ഥാനത്ത് പ്രധാനമായും സമ്പത്ത് കൈകാര്യം ചെയ്യുന്ന പട്ടേല്‍ വിഭാഗത്തിനിടയില്‍ നിന്നുയര്‍ന്ന രോഷം അതിന് തെളിവാണ്. അത് മനസ്സിലാക്കിയാണ് ബിസിനസ്സുകാരന്‍ കൂടിയായ ഭൂപേന്ദ്ര പട്ടേലിനെ ബി.ജെ.പി. പുതിയ മുഖ്യമന്ത്രിയാക്കിയതും.

മോദിയുടെ തുറപ്പുചീട്ടായിരുന്ന ഗുജറാത്ത് മോഡല്‍ കാറ്റഴിച്ചുവിട്ട ബലൂണ്‍ പോലെയായിരിക്കുന്നു. എങ്ങനെയെങ്കിലും കാറ്റുനിറയ്ക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി മാറ്റത്തിലൂടെ നടക്കുന്നത്. ഭൂപേന്ദ്ര പട്ടേല്‍ അവസാനത്തെ പരീക്ഷണമാണ്.

'ആംആദ്മി'യെ അറിയാന്‍ ബി.ജെ.പിക്കായില്ല

സംസ്ഥാനത്ത് ബി.ജെ.പിയുടെ അപ്രമാദിത്വത്തിന് ഇളക്കം തട്ടിയതിന്റെ വ്യക്തമായ സൂചനയായിരുന്നു കഴിഞ്ഞ ഫെബ്രുവരില്‍ നടന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്. ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ചത് 14 ശതമാനത്തോളം വോട്ട് വിഹിതമായിരുന്നു. ബി.ജെ.പിയുടെ കോട്ടയായ നഗര മേഖലകളില്‍ ആം ആദ്മി കടന്നുകയറി. സൂറത്തില്‍ അവര്‍ രണ്ടാം സ്ഥാനത്തെത്തി.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ലോക്സഭാ മണ്ഡലമായ ഗാന്ധിനഗര്‍ ഉള്‍പ്പെടുന്ന ഗാന്ധിനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേയ്ക്ക് ഒക്ടോബര്‍ മൂന്നിനാണ് തിരഞ്ഞെടുപ്പ്. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് ഗാന്ധിനഗറിലെ തിരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കാം.

ഗുജറാത്തില്‍ യോഗിക്കെന്തുകാര്യം?

ഇത്രയും പറഞ്ഞപ്പോള്‍ ഗുജറാത്തില്‍ യോഗിക്ക് എന്താണ് കാര്യമെന്ന് തോന്നാം? കാര്യമുണ്ട്. ഒന്ന് ചീഞ്ഞ് മറ്റൊന്നിന് വളമാകുമെന്നാണല്ലോ ചൊല്ല്. ഗുജറാത്ത് മോഡലിന്റെ മങ്ങലില്‍ യോഗിക്ക് യു.പി. മോഡലിനെ ഉയര്‍ത്തി പിടിക്കാം. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് വിജയിച്ചാല്‍ യു.പി. മോഡലിനും യോഗി ആദിത്യനാഥിനും വേണ്ടി ഡല്‍ഹിയില്‍ ചരടുവലികള്‍ തുടങ്ങും.

മോദി-ഷാമാരിലേയ്ക്ക് മാത്രമായി നില്‍ക്കുന്ന അധികാര കേന്ദ്രീകരണത്തെ ചോദ്യംചെയ്യാന്‍ ആളുകള്‍ ഉണ്ടാകും. മോദി-ഷാമാരെ ഇഷ്ടമില്ലാത്തവര്‍ യോഗിക്ക് വേണ്ടി മുറവിളി കൂട്ടും.

സാങ്കല്‍പ്പികം മാത്രമാണോ ഇതൊക്കെ?

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്ത് മോഡലെന്ന മിത്ത് മുന്‍നിര്‍ത്തി നരേന്ദ്ര മോദി ഉണ്ടാക്കിയെടുത്ത പ്രതിച്ഛായയായിരുന്നു, എല്‍.കെ. അദ്വാനി ഉള്‍പ്പെടെയുള്ളവരെ തള്ളികൊണ്ട് 2014-ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നരേന്ദ്ര മോദിക്ക് വരാനുള്ള അവസരമൊരുക്കിയത്. അന്നുമുതല്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും മോദിയുടെ അപ്രമാദിത്വം തുടര്‍ന്നുപോവുകയാണ്.

മോദിയുടെ അപ്രമാദിത്വം മറികടക്കാന്‍ പാര്‍ട്ടിയില്‍ മോദിയോളം പോന്ന ഒരു നേതാവുമുണ്ടായിരുന്നില്ല. എന്നാല്‍ അടുത്ത വര്‍ഷം യു.പി വിജയിച്ചാല്‍ യു.പി. മോഡലെന്ന പുതിയൊരു മിത്ത് അവതരിക്കപ്പെടും. യോഗി ആദിത്യനാഥ് അതോടെ പാര്‍ട്ടിയില്‍ ശക്തനായി മാറും. യോഗി ബി.ജെ.പിയുടെ പുതിയൊരു ബ്രാന്‍ഡായി മാറും. അത് ബി.ജെ.പിയുടെ ഭാവി രാഷ്ട്രീയത്തില്‍ ഒരു വഴിത്തിരിവാകും. 2024-ല്‍ യോഗി ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നതു വരെ അത് എത്തിയേക്കാം.

Content Highlights: change of Chief Minister of Gujarat- Is this the beginning of curtain falling on the Modi era?