ബെംഗളൂരു: ഇന്ത്യയുടെ ചന്ദ്രയാന്‍ രണ്ട് ദൗത്യം 90 മുതല്‍ 95 ശതമാനംവരെ വിജയംകണ്ടെന്ന് ഐ.എസ്.ആര്‍.ഒ. ദൗത്യത്തിന്റെ ഓരോ ഘട്ടത്തിലും വിജയ മാനദണ്ഡം നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. ഇതുവരെ 90 മുതല്‍ 95 ശതമാനം വരെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചു. നിലവില്‍ ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായെങ്കിലും ചന്ദ്രനെ കുറിച്ചുള്ള പഠനത്തിന് ഇതിന്റെ സംഭാവന തുടരുമെന്നും ഐ.എസ്.ആര്‍.ഒ. വ്യക്തമാക്കി.

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യമായ ചന്ദ്രയാന്‍-2ന് പൂര്‍ണ ലക്ഷ്യം കാണാനായിരുന്നില്ല. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ അടുത്തുവരെയെത്തി പ്രതീക്ഷ പകര്‍ന്ന വിക്രം ലാന്‍ഡര്‍, മുന്‍നിശ്ചയിച്ച പാതയില്‍നിന്ന് തെന്നിമാറിയിരുന്നു. ഇതു സംബന്ധിച്ചാണ് ഇപ്പോള്‍ ഐ.എസ്.ആര്‍.ഒയുടെ വിശദീകരണം വന്നിരിക്കുന്നത്. 

ഇതുവരെയുള്ള ചന്ദ്രദൗത്യത്തില്‍ ഘടിപ്പിച്ചിട്ടുള്ളതില്‍ ഏറ്റവും ഉയര്‍ന്ന റെസലൂഷന്‍ കാമറയാണ് ഓര്‍ബിറ്ററിലുള്ളത്. ഇത് ഏറ്റവും മികവാര്‍ന്ന ചിത്രങ്ങള്‍ ലഭ്യമാക്കും. അത് ആഗോള ശാസ്ത്ര സമൂഹത്തിന് വളരെയധികം ഉപയോഗപ്രദമാകും. മുന്‍പ് പ്രതീക്ഷിച്ചതില്‍ നിന്ന് വ്യത്യസ്തമായി ഓര്‍ബിറ്ററിന് ഒരു വര്‍ഷത്തിന് പകരം ഏഴ് വര്‍ഷം കാലാവധി ലഭിക്കും. കൃത്യമായ വിക്ഷേപണവും ദൗത്യമാനേജ്‌മെന്റുമാണ് ഇത് ഉറപ്പാക്കിയതെന്നും ഐഎസ്.ആര്‍.ഒ അറിയിച്ചു.

വളരെ സങ്കീര്‍ണ്ണമായ ദൗത്യമായിരുന്നു ചന്ദ്രയാന്‍-2. ഇന്ത്യ മാത്രമല്ല, ലോകം മുഴുവന്‍ ദൗത്യത്തിലെ ഓരോ ഘട്ടവും വലിയ പ്രതീക്ഷയോടുകൂടിയാണ് നോക്കിക്കണ്ടത്. ചന്ദ്രന്റെ ഒരു ഭാഗം മാത്രമല്ല, പ്രപഞ്ചത്തെ സംബന്ധിക്കുന്ന എല്ലാ മേഖലകളേയും പഠിക്കാന്‍ ലക്ഷ്യമിട്ടുള്ള സവിശേഷമായ ദൗത്യമായിരുന്നു  ഇതെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി.

Content Highlights: Chandrayaan 2-till date 90 to 95% of the mission objectives have been accomplished-ISRO