വാഷിങ്ടണ്‍: ചന്ദ്രയാന്‍-രണ്ട് ദൗത്യപേടകത്തിലെ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ തങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നുവെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍. ചന്ദ്രയാനില്‍ തന്നെയുണ്ടായിരുന്ന ഓര്‍ബിറ്ററാണ് ഇത് കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ എന്‍ജിനിയറുടെ സഹായത്തോടെ വിക്രം ലാന്‍ഡറിനെ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയെന്നായിരുന്നു നാസയുടെ അവകാശവാദം. സെപ്റ്റംബര്‍ ഏഴിന് സോഫ്റ്റ്ലാന്‍ഡിങ്ങിനിടെ ആശയവിനിമയം നഷ്ടപ്പെട്ട ലാന്‍ഡറിനെക്കുറിച്ച് ഇതുവരെ ഔദ്യോഗികവിവരങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇത് തള്ളിയിരിക്കുകയാണ് ഇപ്പോള്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍. തങ്ങള്‍ക്ക് ഇതിനെ കുറിച്ച് ഒന്നും പറയാനില്ല.  ലാന്‍ഡിങിന് ശേഷം നമ്മുടെ  സ്വന്തം ഓര്‍ബിറ്റര്‍ വിക്രം ലാന്‍ഡറിനെ കണ്ടെത്തിയിരുന്നു. ഇക്കാര്യം ഐഎസ്ആര്‍ഒയുടെ വെബ്‌സൈറ്റിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. നിങ്ങള്‍ക്കത് പരിശോധിക്കാമെന്നും മാധ്യമങ്ങളോടായി കെ.ശിവന്‍ പറഞ്ഞു. രാജസ്ഥാനില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെയാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ മാധ്യമങ്ങളെ കണ്ടത്. 

അതേ സമയം സെപ്റ്റംബര്‍ 10-ന് വെബ്‌സൈറ്റിലൂടെ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത് ഇപ്രകാരമാണ്‌. ചന്ദ്രോപരിതലത്തില്‍ വിക്രം ലാന്‍ഡര്‍ സ്ഥിതി ചെയ്യുന്നുണ്ടെങ്കിലും യാതൊരു ആശയവിനിമയവും നടത്താനായിട്ടില്ല. ലാന്‍ഡറുമായി ആശയവിനിമയം പുനഃസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്നുമാണ് പറഞ്ഞിരുന്നത്. 

സെപ്റ്റംബറിലെ ചിത്രത്തില്‍ ദൃശ്യം അവ്യക്തമായിരുന്നതിനാല്‍ ഒക്ടോബര്‍ 14, 15, നവംബര്‍ 11 തീയതികളില്‍ പതിഞ്ഞ ചിത്രങ്ങള്‍കൂടി പരിശോധിച്ചാണ് 'നാസ'യിലെ ശാസ്ത്രജ്ഞര്‍ 'ലാന്‍ഡര്‍' കണ്ടെത്തിയെന്ന് പറഞ്ഞത്. നാസയുടെ എല്‍.ആര്‍. ഓര്‍ബിറ്റര്‍ ക്യാമറ പകര്‍ത്തിയ ചിത്രങ്ങള്‍ ചെന്നൈയില്‍ മെക്കാനിക്കല്‍ എന്‍ജിനിയറായ ഷണ്‍മുഖ സുബ്രഹ്മണ്യനാണ് വിശകലനം ചെയ്തത്.

ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമ്പോള്‍ വേഗംകുറയ്ക്കാനാകാതെ ലാന്‍ഡര്‍ ഇടിച്ചിറങ്ങുകയായിരുന്നെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.

Content Highlights: Chandrayaan 2-Our orbiter located Vikram lander first: Isro chief Sivan rejects Nasa claim