ബെംഗളൂരു: ചന്ദ്രയാന്‍-2 ചാന്ദ്രദൗത്യത്തിന്റെ ഭാഗമായുള്ള വിക്രം ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്‍ഡിങ്ങില്‍ അനിശ്ചിതത്വം. ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ കെ. ശിവന്‍ അറിയിച്ചു. റഫ് ബ്രേക്കിങ്ങിന് ശേഷം ഫൈന്‍ ലാന്‍ഡിങ്ങിനിടെ സാങ്കേതികപ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചതോടെയാണ് അനിശ്ചിതത്വമുണ്ടായത്.

 

bengaluru
ബെംഗളൂരുവിലെ ഐ എസ് ആര്‍ ഒയുടെ ചന്ദ്രയാന്‍ നിയന്ത്രണകേന്ദ്രത്തിന്
മുന്നില്‍ വെളളിയാഴ്ച രാത്രി മാധ്യമപ്രവര്‍ത്തകരുടെ തിരക്ക്. ഫോട്ടോ: പി മനോജ്. 

ജൂലായ് 22ന് ഉച്ചയ്ക്ക് ശേഷം 2.43 ഓടെയാണ് 'ബാഹുബലി' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ജി എസ് എല്‍ വി മാര്‍ക്ക് മൂന്ന് റോക്കറ്റ് ചന്ദ്രയാനുമായി കുതിച്ചുയര്‍ന്നത്. ഇതുവരെ മറ്റൊരു രാജ്യവും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ദക്ഷിണധ്രുവത്തെ ലക്ഷ്യമാക്കിയായിരുന്നു അത്. സെപ്റ്റംബര്‍ രണ്ടിന് ഓര്‍ബിറ്ററില്‍നിന്ന് ലാന്‍ഡര്‍ (വിക്രം) വേര്‍പെട്ട് യാത്ര തുടങ്ങി. 

bengaluru
ബെംഗളൂരു പീനിയയിലെ ഐ.എസ്.ആര്‍ഒയുടെ ഇസ്ട്രാക്ക്  ചന്ദ്രയാന്‍
കണ്‍ട്രോള്‍ റൂമിലെ തയ്യാറെടുപ്പുകള്‍. ഫോട്ടോ: പി മനോജ്. 

ലാന്‍ഡിങ് പ്രക്രിയ ഇങ്ങനെ

ശനിയാഴ്ച പുലര്‍ച്ചെ നിശ്ചയിച്ച സമയത്ത് ചന്ദ്രനടുത്ത് 30 കിലോമീറ്ററില്‍ ലാന്‍ഡിങ് പോയന്റില്‍ എത്തുന്നതിനുമുമ്പ് ലാന്‍ഡറിലെ അഞ്ച് എന്‍ജിനുകളും പ്രവര്‍ത്തിപ്പിക്കും. ഇതോടെ ലാന്‍ഡറിന്റെ വേഗംകുറയും. ലാന്‍ഡര്‍ ചന്ദ്രനിലേക്ക് പതുക്കെ ഇറങ്ങിത്തുടങ്ങും. ഈസമയത്ത് ലാന്‍ഡറിന്റെ ദിശ ക്രമീകരിക്കും. 

വേഗം കുറയുന്നതിനനുസരിച്ച് ലാന്‍ഡറിന്റെ കാലുകള്‍ ചന്ദ്രന് അഭിമുഖമാകും. ചന്ദ്രോപരിതലത്തില്‍നിന്ന് ഒരുകിലോമീറ്റര്‍ അകലെയാകുമ്പോള്‍ ലാന്‍ഡറിന്റെ കാലുകള്‍ പൂര്‍ണമായും ചന്ദ്രന് അഭിമുഖമാകും. ഈസമയത്ത് എന്‍ജിന്റെ തള്ളല്‍ കുറച്ചുകൊണ്ടുവരും. ഉപരിതലത്തിന് 15 മീറ്റര്‍ മുകളിലെത്തുന്നതോടെ ലാന്‍ഡറിനെ  താഴേക്കും മുകളിലേക്കും പോകാതെ ഹോവര്‍ (ആകാശത്തില്‍ സ്ഥിതിചെയ്യിക്കും) ചെയ്യും. 

ഈ സമയം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തും. ഈ ചിത്രത്തെ നേരത്തേ ലാന്‍ഡറില്‍ അപ്ലോഡ് ചെയ്ത ചിത്രവുമായി താരതമ്യംചെയ്യും. സ്ഥാനം മാറിയെന്നുകണ്ടാല്‍ ലാന്‍ഡ് ചെയ്യേണ്ട കൃത്യം സ്ഥലത്തേക്ക് ലാന്‍ഡറിനെ നീക്കും. ആ സ്ഥലത്ത് എത്തിയാല്‍ ലാന്‍ഡറിന്റെ ദിശ കൃത്യമാക്കി എന്‍ജിന്റെ കുതിപ്പ് വീണ്ടും കുറയ്ക്കും. 

ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിന് അടുത്തേക്കുനീങ്ങും.ചന്ദ്രോപരിതലത്തിന് മൂന്നുമീറ്റര്‍ മുകളിലേക്ക് എത്തുന്നതോടെ നാല് എന്‍ജിനുകളും ഓഫ് ചെയ്യും. നടുവിലുള്ള ഒരു എന്‍ജിന്‍മാത്രം  പ്രവര്‍ത്തിപ്പിക്കും. ലാന്‍ഡര്‍ പതുക്കെ ചന്ദ്രോപരിതലത്തിലേക്ക് നീങ്ങും. ലാന്‍ഡറിന്റെ നാലുകാലുകളും ചന്ദ്രോപരിതലം തൊട്ടുവെന്ന് അവയിലെ സെന്‍സറുകള്‍ വിവരം നല്‍കുന്നതോടെ മധ്യഭാഗത്തെ എന്‍ജിനും ഓഫാകും.  ലാന്‍ഡിങ് പ്രക്രിയ പൂര്‍ത്തിയാകും.

chandrayaan

നിര്‍ണായകം ആ 15 മിനിറ്റുകള്‍

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്ക് ലാന്‍ഡര്‍ (വിക്രം) ഇറങ്ങുന്നതിനെടുക്കുന്ന 15 മിനിറ്റ് നിര്‍ണായകമാണ്. ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ ഇറങ്ങുന്നതിനുള്ള ഒരുക്കം തുടങ്ങും.  ദക്ഷിണധ്രുവത്തിലുള്ള (ഇരുണ്ട) മാന്‍സിനസ്-സി, സിപ്ലിഷ്യസ്-എന്‍ എന്നീ ഗര്‍ത്തങ്ങള്‍ക്കിടയിലുള്ള പ്രതലത്തിലാണ് ലാന്‍ഡര്‍ ഇറക്കേണ്ടത്. 

സെക്കന്‍ഡില്‍ 1.6 കിലോമീറ്റര്‍ വേഗത്തില്‍ ചന്ദ്രന്റെ ഉപരിതലം ലക്ഷ്യമാക്കി വരുന്ന ലാന്‍ഡറിന്റെ വേഗം സെക്കന്‍ഡില്‍ രണ്ടു മീറ്ററായി കുറയ്ക്കണം. ചന്ദ്രന്റെ ഗുരുത്വാകര്‍ഷണത്തെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ലാന്‍ഡര്‍ തകരാന്‍ ഇടയാകും. ചന്ദ്രോപരിതലത്തിലേക്കുള്ള ഇറക്കത്തിനിടെ ലാന്‍ഡര്‍ പകര്‍ത്തുന്ന ചിത്രത്തിന്റെ സഹായത്തോടെയാണ് ഇറങ്ങുന്ന സ്ഥാനം നിര്‍ണയിക്കുന്നത്. ചന്ദ്രന്റെ പ്രതലത്തിലിറങ്ങുമ്പോഴുണ്ടാകുന്ന കനത്ത പൊടിപടലങ്ങളും ദൗത്യത്തിനു ഭീഷണിയാണ്. 15 മിനിറ്റിനുള്ളില്‍ ഇതെല്ലാം പൂര്‍ത്തിയാക്കണം.

ലാന്‍ഡര്‍ പ്രതലത്തില്‍ ഉറച്ചതിനുശേഷം നാലുമണിക്കൂറിനുള്ളില്‍ റോവര്‍ പുറത്തിറങ്ങും. റോവര്‍ ആണ് ഉപരിതലത്തില്‍ സഞ്ചരിച്ച് ഗവേഷണം നടത്തുക. റോവറിന് ആവശ്യമായ സന്ദേശങ്ങള്‍ ലാന്‍ഡര്‍ നല്‍കും. റോവറും ലാന്‍ഡറും നല്‍കുന്ന സന്ദേശങ്ങള്‍ ഓര്‍ബിറ്റര്‍ വഴി ബെംഗളൂരു ബൈലാലുവിലെ ഇന്ത്യന്‍ ഡീപ് സ്‌പേസ് നെറ്റ്വര്‍ക്കില്‍ ലഭിക്കും.

റോവര്‍ പുറത്തെത്താന്‍ മൂന്നുമണിക്കൂര്‍

ലാന്‍ഡിങ് പൂര്‍ത്തിയായി മൂന്നുമണിക്കൂര്‍ കഴിഞ്ഞേ റോവര്‍ പുറത്തേക്ക് എത്തുകയുള്ളൂ. ലാന്‍ഡിങ് നടക്കുമ്പോള്‍ എന്‍ജിന്റെ ശക്തികാരണം ചന്ദ്രോപരിതലത്തില്‍നിന്ന് ഉയരുന്ന പൊടിയുടെ വേഗം സെക്കന്‍ഡില്‍ രണ്ടു കിലോമീറ്റര്‍വരെയാകാം. വായു ഇല്ലാത്തതിനാല്‍ പൊടി താഴേക്ക് ഉടനെ വീഴില്ല. ഇവയൊന്ന് അടങ്ങാന്‍ മണിക്കൂറുകള്‍ എടുക്കും. 

ലാന്‍ഡറിന്റെ മുകളിലും പൊടി അടിഞ്ഞുകൂടാം. അതിനാല്‍ മൂന്നുമണിക്കൂറിനുശേഷമേ ലാന്‍ഡറിന്റെ വാതില്‍ തുറക്കൂ.  രണ്ടു പാളികളുള്ള വാതില്‍ തുറന്നാല്‍ റോവര്‍ പതുക്കെ പുറത്തേക്ക് ഉരുളും. ഒരു പ്രത്യേകതരം ചരടുപയോഗിച്ച് റോവറിനെ ബന്ധിപ്പിച്ചിട്ടുണ്ടാകും. റോവര്‍ താഴേക്കുനീങ്ങുമ്പോള്‍ ഈ ചരട് അയയും. റോവര്‍ മണ്ണിലേക്ക് ഇറങ്ങിക്കഴിഞ്ഞാല്‍ ഈ ചരട് റോവറില്‍നിന്ന് വിട്ടുമാറും. പിന്നീട് സെക്കന്‍ഡില്‍ ഒരുസെന്റീമീറ്റര്‍ വേഗത്തില്‍ റോവര്‍ സഞ്ചരിക്കും. ഇതേസമയം, ലാന്‍ഡറിലെയും റോവറിലെയും പരീക്ഷണ ഉപകരണങ്ങള്‍ അവയുടെ ദൗത്യം നിര്‍വഹിക്കും.

content highlights:chandrayaan-2 landing